Editors Pick
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് വിമാനത്തിന്റെ വിശേഷങ്ങൾ
19 യാത്രാ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ 300 കിലോമീറ്റർ ക്രൂയിസിങ് സ്പീഡും 2,400 മീറ്റർ പ്രവർത്തന ഉയരവുമാണുള്ളത്. ഒറ്റച്ചാർജിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും
ബിൻഷൗ | ഹരിത വ്യോമയാന രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് ചൈന. ലോകത്തിലെ ആദ്യത്തെ വലിയ വിഭാഗത്തിൽപെടുന്ന ഇലക്ട്രിക് പാസഞ്ചർ വിമാനം പൈലറ്റിനെ ഉപയോഗിച്ച് പറത്തിയാണ് ചൈന ചരിത്രം കുറിച്ചിരിക്കുന്നത്. ചൈനീസ് വാണിജ്യ വിമാന നിർമ്മാണ കമ്പനിയായ കോമാക് വികസിപ്പിച്ചെടുത്ത 19 സീറ്റുള്ള സി ഇ 25 എ ഇലക്ട്രിക് വിമാനമാണ് വ്യോമയാന രംഗത്തെ പുതിയ വിശേഷം.രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമാണ് ഈ ചരിത്രയാത്രയിൽ വിമാനത്തിലുണ്ടായിരുന്നത്.
പരമ്പരാഗത ഫോസിൽ ഇന്ധന എൻജിനുകൾക്ക് പകരം പൂർണ്ണമായും ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനം പ്രാദേശിക നഗരങ്ങൾ തമ്മിലുള്ള ഹ്രസ്വദൂര യാത്രകളിൽ പുതിയൊരു വഴിമാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി വിമാനം 16 മിനിറ്റും 38 സെക്കൻഡും ആകാശത്ത് പറന്നുയർന്ന് 60.4 കിലോമീറ്റർ ദൂരം വിജയകരമായി പിന്നിട്ടു. മൊത്തത്തിലുള്ള പരീക്ഷണ നടപടികൾ 57 മിനിറ്റും 46 സെക്കൻഡുമാണ് നീണ്ടുനിന്നത്. വിമാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചതുപോലെ സാധാരണ നിലയിലാണ് പ്രവർത്തിച്ചതെന്ന് കോമാക് ഔദ്യോഗികമായി വ്യക്തമാക്കി. ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ കാറ്റ്എൽ, ഷാങ്ഹായ് ജിയോ ടോങ് യൂനിവേഴ്സിറ്റി എന്നിവരുൾപ്പെടെയുള്ള പ്രമുഖ പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. വിമാനത്തിന്റെ ചിറടുകൾക്ക് മുകളിലായി സവിശേഷമായി ക്രമീകരിച്ചിരിക്കുന്ന 10 ഇലക്ട്രിക് ഡക്റ്റഡ് ഫാനുകളാണ് ഇതിന് ആവശ്യമായ ഊർജ്ജവും ശക്തിയും പകരുന്നത്.
അത്യാധുനിക സവിശേഷതകളാണ് ഈ ഇലക്ട്രിക് വിമാനത്തിനുള്ളത്. പത്ത് ടൺ ആണ് വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം. 19 യാത്രാ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ 300 കിലോമീറ്റർ ക്രൂയിസിങ് സ്പീഡും 2,400 മീറ്റർ പ്രവർത്തന ഉയരവുമാണുള്ളത്. ഒറ്റച്ചാർജിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും. ചൈനയുടെ സി സി എ ആർ 25 ട്രാൻസ്പോർട്ട് കാറ്റഗറി എയർവർത്തിനസ് ചട്ടങ്ങൾക്ക് പൂർണ്ണമായും വിധമായാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. വിമാനത്തിന്റെ ടൈപ്പ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ ചൈനയുടെ സിവില് ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
വാണിജ്യപരമായ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ പരീക്ഷണങ്ങളാണ് നടന്നുവരുന്നത്. ഫെബ്രുവരി രണ്ടാം തീയതി ഈ വിമാനം ആളില്ലാതെ ആദ്യത്തെ ഓട്ടോണമസ് പറക്കൽ നടത്തിയിരുന്നു. തുടർന്ന് 19 ആളില്ലാത്ത ഫ്ലൈറ്റ് വാലിഡേഷൻ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ക്രൂ ഉൾപ്പെടെയുള്ള പരീക്ഷണ പറക്കലിലേക്ക് കമ്പനി കടന്നത്.
വരുംകാലങ്ങളിൽ ഗതാഗത മേഖലയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മാതൃക വലിയ വഴിത്തിരിവാകുമെന്നാണ് വ്യോമയാന വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Content Highlights:
COMAC and CATL successfully completed the first piloted flight of China’s 10-tonne, 19-seat CE-25A electric passenger aircraft in Shandong. Featuring 10 electric ducted fans, a 400 km range, and a 300 km/h cruising speed, the plane marks a major leap for short-haul electric aviation.



