National
ഇന്ത്യാബുള്‍സിനെതിരായ റിപ്പോര്‍ട്ടിംഗ് വിലക്ക്: മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത ഡല്‍ഹി ഹൈക്കോടതിയില്‍
ഇന്ത്യാബുള്‍സ് നെസ്റ്റ്‌സ് ലിമിറ്റഡും സമീര്‍ ഗെഹ്ലോട്ടും നല്‍കിയ മാനനഷ്ടക്കേസില്‍ ഒക്ടോബര്‍ 24ന് പട്യാല ഹൗസ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഏകപക്ഷീയമായ ഇടക്കാല ഉത്തരവാണ് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത ചോദ്യം ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി | ഇന്ത്യാബുള്‍സ് ഗ്രൂപ്പിനേയും പ്രൊമോട്ടര്‍ സമീര്‍ ഗെഹ്ലോട്ടിനെതിരെയും വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യാബുള്‍സ് നെസ്റ്റ്‌സ് ലിമിറ്റഡും സമീര്‍ ഗെഹ്ലോട്ടും നല്‍കിയ മാനനഷ്ടക്കേസില്‍ ഒക്ടോബര്‍ 24ന് പട്യാല ഹൗസ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഏകപക്ഷീയമായ ഇടക്കാല ഉത്തരവാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. 41 പേര്‍ക്കെതിരെ നല്‍കിയ ഈ ഹര്‍ജിയിലാണ് താക്കൂര്‍ത്തക്കെതിരെയും ഉത്തരവുണ്ടായത്.
തനിക്ക് യാതൊരുവിധ നോട്ടീസും നല്‍കാതെയാണ് വിചാരണക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, കേസ് തീര്‍പ്പാകുന്നതുവരെ ഇന്ത്യാബുള്‍സിനെതിരെ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാവിരുദ്ധമായ കടന്നുകയറ്റമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. 2019 സെപ്റ്റംബര്‍ 30ന് ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലില്‍ സൗരോദീപ്‌തോ സന്യാലുമായി ചേര്‍ന്ന് എഴുതിയതും പിന്നീട് സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതുമായ ദി മെയ്‌സ് ഓഫ് പൊളിറ്റിക്കല്‍ ലിങ്ക്‌സ് ഓഫ് ഇന്ത്യാബുള്‍സ് സമീര്‍ ഗെഹ്ലോട്ട് എന്ന ലേഖനത്തിനെതിരെയാണ് കോടതി നടപടി. കൂടാതെ ഏഴ് വര്‍ഷത്തോളമായി ലഭ്യമായിരുന്ന ഈ ലേഖനം വെബ്സൈറ്റില്‍ നിന്നും ആര്‍ക്കൈവില്‍ നിന്നും നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ അന്നത്തെ ചെയര്‍മാനും പ്രൊമോട്ടറുമായിരുന്ന സമീര്‍ ഗെഹ്ലോട്ടിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പൊതുരേഖകള്‍ പരിശോധിച്ചാണ് പ്രസ്തുത ലേഖനം തയ്യാറാക്കിയതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ സമീര്‍ ഗെഹ്ലോട്ടിന്റെയും ഇന്ത്യാബുള്‍സ് ഗ്രൂപ്പിന്റെയും മറുപടിയും വിശദീകരണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഏഴ് വര്‍ഷത്തോളം ഓണ്‍ലൈനില്‍ ലഭ്യമായിരുന്ന ലേഖനം ദുരുദ്ദേശ്യപരമാണെന്നോ പൂര്‍ണ്ണമായും വ്യാജമാണെന്നോ കണ്ടെത്താതെയാണ് വിചാരണക്കോടതി ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വാദിച്ചു.


