Kuwait
സ്വകാര്യ ബസുകളുടെ നിയന്ത്രണം; കുവൈത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും നഴ്സുമാര്‍ക്കും യാത്രാദുരിതം
ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നിരവധി ഇന്ത്യന്‍ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് അടിയന്തര സര്‍ക്കുലര്‍ അയച്ചു.
കുവൈത്ത് സിറ്റി | കുവൈത്തില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും എതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികളെടുക്കാന്‍ ആരംഭിച്ചതോടെ പ്രവാസി സമൂഹം അതിരൂക്ഷമായ യാത്രാ പ്രതിസന്ധിയില്‍. നിയമ നടപടികള്‍ ഭയന്ന് അനവധി സ്വകാര്യ വാഹന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, നഴ്സുമാര്‍, വിവിധ സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ നിത്യേനയുള്ള യാത്രകള്‍ താറുമാറായി. അധികൃതരുടെ പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കിയതോടെ ആവശ്യത്തിനു ബസുകളോ ഡ്രൈവര്‍മാരോ ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നിരവധി ഇന്ത്യന്‍ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് അടിയന്തര സര്‍ക്കുലര്‍ അയക്കുകയും ചെയ്തു.
സ്വന്തമായി വാഹനങ്ങളില്ലാത്തവരും ജോലിക്കാരായ രക്ഷിതാക്കളും കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ വഴിയില്ലാതെ പ്രയാസത്തിലായിരിക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ചില സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമപരമായി യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതിയുള്ള ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികള്‍ ഏതൊക്കെയാണ് നിലവിലുള്ളതെന്ന കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും വ്യക്തത തേടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പുറമേ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരെയും സ്വകാര്യ കമ്പനി ജീവനക്കാരെയും ഗതാഗത പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
ജോലി സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ ബസുകളെയും മറ്റു വാഹനങ്ങളെയും ആശ്രയിച്ചിരുന്ന നൂറുകണക്കിന് പ്രവാസി ജീവനക്കാരും തൊഴിലാളികളുമാണ് ഇതോടെ പെരുവഴിയില്‍ ആയത്.കഴിഞ്ഞദിവസം സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെയാണ് യാത്രാക്ലേശം സംജാതമായത്. മറ്റ് ആവശ്യങ്ങള്‍ക്കായി എടുത്ത ലൈസന്‍സുകളുടെ മറവില്‍ പണം കൈപ്പറ്റി യാത്രക്കാരെയും തൊഴിലാളികളെയും നിയമവിരുദ്ധമായി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നിയമ നടപടി കര്‍ശനമാക്കിയത്. അനുവദിക്കപ്പെട്ട ലൈസന്‍സ് പരിധിക്ക് പുറത്ത് ബസുകള്‍ ഓടിക്കുന്ന പ്രവാസികളെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിച്ചു വരുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം പിഴയും ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Content Highlights: Kuwait has implemented strict new private bus regulations, creating severe travel difficulties for Indian students and nurses. The sudden transportation crisis has disrupted daily commutes across various regions. Authorities are facing growing calls to ease the transit constraints for essential workers and students.




