Education Notification
ഐ ഐ എം അഹമ്മദാബാദ്; ഫെലോഷിപ്പോടെ ഗവേഷണം
രാജ്യത്ത് മാനേജ്മെന്റ് വിഷയത്തിൽ ഉന്നത പഠനത്തിനുള്ള മുൻനിര സ്ഥാപനമായി പരിഗണിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിൽ പിഎച്ച് ഡി പ്രോഗ്രാമിന് ചേരാൻ ഇപ്പോൾ തയ്യാറെടുക്കാം. ഫെലോഷിപ്പോടു കൂടി 11 പഠന മേഖലകളിൽ ഗവേഷണം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ സാമ്പത്തികശാസ്ത്രം, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലെ പ്രധാനപ്പെട്ട എല്ലാ കൈവഴികളിലും ഗവേഷണ പഠനം പൂർത്തിയാക്കാവുന്നതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് പിഎച്ച് ഡി പ്രോഗ്രാമിന്റെ സാധാരണയുള്ള കാലാവധി.
ഈ പഠന കാലയളവിൽ ഫെലോഷിപ്പോടുകൂടിയുള്ള സാമ്പത്തിക സഹായവും ഗവേഷണത്തിന് ആവശ്യമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. സർവകലാശാലകളിലും വ്യത്യസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരാകാനും വ്യവസായ ഗവേഷണ മേഖലകളിൽ ഉന്നത തൊഴിലവസരങ്ങൾ നേടാനും അഹമ്മദാബാദ് ഐ ഐ എമ്മിൽ നിന്നുള്ള പിഎച്ച് ഡി ബിരുദം സഹായകരമായിരിക്കും. ഇവിടുത്തെ അടുത്ത അധ്യയന വർഷത്തേക്കുള്ള ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റി (ഡി പി എം) ന് ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷ, യോഗ്യത
അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ബിരുദത്തിനു ശേഷം രണ്ട് വർഷത്തെ പി ജി ഡിപ്ലോമ നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം.ഹയർ സെക്കൻഡറി തത്തുല്യം പാസ്സായ ശേഷം അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി ജി പഠനം 55 ശതമാനം മാർക്കോടെ ജയിച്ചവർക്കും അർഹതയുണ്ട്. നാല് വർഷ ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് 65 ശതമാനം മാർക്ക് ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
സി എ/സി എസ്/ സി എം എ തുടങ്ങിയ പ്രൊഫഷനൽ യോഗ്യതകൾ നേടിയവർക്കും അവസരമുണ്ട്. ഇവർക്ക് പ്രൊഫഷനൽ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കും ബിരുദ തലത്തിൽ 55 ശതമാനംമാർക്കും ഉണ്ടായിരിക്കണം.
അവസാന വർഷ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മുകളിൽ പറഞ്ഞ മാർക്ക് മാനദണ്ഡങ്ങൾ പരീക്ഷ ഫലത്തിൽ ബാധകമാക്കിക്കൊണ്ട് അപേക്ഷ നൽകാവുന്നതാണ്. പട്ടിക/ ഒ ബി സി (എൻ സി എൽ)/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിക്കും. ബിരുദം ഏത് വിഷയത്തിൽ ആയാലും തിരഞ്ഞെടുക്കുന്ന ഗവേഷണ മേഖലക്ക് അനുയോജ്യമായ പ്രവേശന പരീക്ഷാ യോഗ്യത വേണം.
വിഷയ മേഖലകൾ ഏതൊക്കെ
ഗവേഷണത്തിനായി 11 വിഷയ മേഖലകളുണ്ട്. ഇക്കണോമിക്സ്/ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഫുഡ് ആൻഡ് അഗ്രി ബിസിനസ്സ്/ ഇൻഫർമേഷൻ സിസ്റ്റംസ് /ഇന്നവേഷൻ ആൻഡ് മാനേജ്മെന്റ് ഇൻ എജ്യുക്കേഷൻ/മാർക്കറ്റിംഗ്/ ഓർഗനൈസേഷനൽ ബിഹേവിയർ/ ഓപറേഷൻ ആൻഡ് ഡിസിഷൻ സയൻസസ്/പബ്ലിക് സിസ്റ്റംസ്/ സ്ട്രാറ്റജി മാനേജ്മെന്റ്എന്നിവ. ഇവയിൽ രണ്ട് സ്പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
പ്രവേശന രീതി
ഗവേഷണത്തിന് തിരഞ്ഞെടുത്ത സ്പെഷ്യലൈസേഷൻ വിഷയത്തിനനുസരിച്ച് ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയുടെ സാധുവായ സ്കോർ ആവശ്യമാണ്. ക്യാറ്റ് /ജി ആർ ഇ/ ജി മാറ്റ്/ യു ജി സി നെറ്റ്/ യു ജി സി ജെ ആർ എഫ് എന്നിവയെല്ലാം പരിഗണിക്കും. പ്രവാസി ഇന്ത്യക്കാരാണെങ്കിൽ ജി മാറ്റ് സ്വീകരിക്കുന്നതാണ്. ക്യാറ്റ് /ജി ആർ ഇ/ജി മാറ്റ് തുടങ്ങിയവക്ക് അഞ്ച് വർഷത്തെയും ഗേറ്റ് /ജെ ആർ എഫ് എന്നിവക്ക് മൂന്ന് വർഷത്തെയും എസ് ഐ ആർ എഫിന് ഒരു വർഷത്തെയും സാധുത കാലയളവ് ലഭിക്കും. പ്രവേശന പരീക്ഷയിലെ പ്രകടനം, ബിരുദ- ബിരുദാനന്തര കാലയളവിലെ അക്കാദമിക് മികവ്, പ്രവൃത്തി പരിചയം, ഗവേഷണ മേഖലയിലെ അനുഭവം എന്നിവ പരിഗണിച്ച് അപേക്ഷകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും. ചില ഗവേഷണ വിഷയങ്ങളിൽ അഭിമുഖത്തിന് പുറമേ സ്ഥാപനം എഴുത്ത് പരീക്ഷയും അധികമായി നടത്താറുണ്ട്.
ഫെലോഷിപ്പ് ഘടന
പ്രതിമാസ ഫെലോഷിപ്പിന് പുറമേ പഠനത്തിന്റെ എല്ലാ അക്കാദമിക് ചെലവുകളും ഗവേഷണ ആവശ്യത്തിനുള്ള ചെലവുകളും സ്ഥാപനം വഹിക്കുന്നതാണ്. ആദ്യ രണ്ട് വർഷങ്ങളിൽ 48,000 രൂപ പ്രതിമാസം ഫെലോഷിപ്പ് തുകയായി ലഭിക്കും. കോഴ്സ് വർക്ക് പൂർത്തിയാക്കി മേഖല തിരിച്ചുള്ള കോംപ്രിഹെൻസീവ് പരീക്ഷ പാസ്സായ ശേഷം ഇത് 52,000 രൂപയായി വർധിപ്പിച്ചു നൽകും. ഗവേഷണ പ്രബന്ധത്തി (തീസീസ് പ്രൊപ്പോസൽ) ന്റെ അവതരണവും അംഗീകാരവും കഴിഞ്ഞാൽ അഞ്ചാം വർഷം 58,000 രൂപ ലഭിക്കുന്നതാണ്.
ഗവേഷണ ആവശ്യങ്ങൾക്കുള്ള അലവൻസ് ആയി ഓരോ വർഷവും 35,000 രൂപ, ഫീൽഡ് വർക്ക്, വിവരശേഖരണം എന്നിവക്കുള്ള ചെലവിനത്തിനായി രണ്ട് ലക്ഷം രൂപ വരെയും കമ്പ്യൂട്ടർ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഗ്രാൻഡ് ആയി ഒരു ലക്ഷം രൂപയും അനുവദിക്കുന്നതാണ്. കൂടാതെ ഉന്നത നിലവാരമുള്ള ഗവേഷണ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക അവാർഡുകൾക്കും അർഹതയുണ്ട്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ അക്കാദമിക് കോൺഫറൻസുകളിൽ പങ്കെടുക്കുന്നതിന് 5,75,000 രൂപ വരെ ലഭിക്കും. സൗകര്യപ്രദമായ ഹോസ്റ്റൽ താമസവും അനുവദിക്കും.
മറ്റ് വിവരങ്ങൾ
സ്ഥാപനത്തിന്റെ പ്രവേശന വിജ്ഞാപനം വായിച്ച് സ്പെഷ്യലൈസേഷനനുസൃതമായ പ്രവേശന പരീക്ഷയുടെ വിവരങ്ങൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക. ഇതിന് അവസാന ദിവസം വരെ കാത്തുനിൽക്കണമെന്നില്ല.
അപേക്ഷാ ഫീസ് 500 രൂപ. പട്ടിക/ഒ ബി സി/സാമ്പത്തിക ദുർബലം/ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. അപേക്ഷ നൽകുന്നതിന്: www.iima.ac.in/academics/phd/admission പൊതുവായ വിവരങ്ങൾക്ക്: www.iima.ac.in സംശയ നിവാരണത്തിനുള്ള ഇ മെയിൽ: phdadmission@iima.ac.in,am-phd@iima.ac.in ഫോൺ നമ്പർ : 7971524639/7971524640/7971524641.
Content Highlights: Indian Institute of Management Ahmedabad has invited online applications for its PhD program in 11 management disciplines until January 18. Selected candidates receive monthly fellowships starting at Rs 48,000 along with generous research and conference grants. Eligible applicants with qualifying scores in CAT, GRE, GMAT, or UGC NET can apply via the official website.



