Articles
വിവരാവകാശത്തിന് പൂട്ടിടുന്നതെന്തിന്?
അന്വേഷണ പ്രാരംഭഘട്ടത്തിലെ രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദത്തിന് പ്രസക്തിയുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ കേസുകളുടെ വിവരങ്ങള്‍, പരാതികളില്‍ സ്വീകരിച്ച നടപടികള്‍, അന്വേഷണം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം ഒരേപോലെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടോ?
വിവരാവകാശ നിയമം പൗരന്മാര്ക്ക് നല്കുന്ന അധികാരം ഉന്നതമാണ്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടേണ്ട രഹസ്യങ്ങളല്ലെന്നും പൊതുജനങ്ങളുടെ പണമുപയോഗിച്ചും അധികാരം വിനിയോഗിച്ചും നടത്തുന്ന ഓരോ പ്രവര്‍ത്തനത്തിനും ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ഈ നിയമം പ്രഖ്യാപിക്കുന്നു.
ദീര്‍ഘകാലത്തെ ജനകീയ പോരാട്ടങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും ശേഷിപ്പാണ് വിവരാവകാശ നിയമം. 2002ലെ വിവരാവകാശ നിയമം ഫലപ്രദമല്ലെന്ന വിമര്‍ശങ്ങള്‍ക്കൊടുവില്‍ 2005 ജൂണ്‍ 15ന് പുതിയ നിയമം പാസാക്കുകയും ഒക്ടോബര്‍ 12 മുതല്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതുവഴി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക, പൊതുമരാമത്ത് പ്രവൃത്തികളുടെ ചെലവുകള്‍, നിയമനങ്ങളിലെ ക്രമക്കേടുകള്‍, ക്ഷേമപദ്ധതികളിലെ തട്ടിപ്പുകള്‍, ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് രേഖകള്‍ പരിശോധിക്കാനുള്ള അവസരം വിവരാവകാശ നിയമം അനുവദിച്ചു. വിവരാവകാശത്തിന്റെയടിസ്ഥാനം ഭരണഘടനയാണ്. ഭരണഘടനയുടെ 19(1)(എ) അനുഛേദപ്രകാരം അഭിപ്രായ പ്രകടനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിവരങ്ങള്‍ അറിയാനുള്ള അവകാശം അവിഭാജ്യമാണ്.
കമ്മീഷനെ ഭയക്കുന്നതെന്തിന്?
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വിവരാവകാശ നിയമത്തെ ഭയത്തോടെ കാണാനും നിയമം കമ്മീഷന് അനുവദിച്ച അധികാരത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങളാരംഭിച്ചു. നിയമത്തിന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനത്തെ ബാധിച്ച പ്രധാന ഘടകമാണ് 2019ലെ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി. വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം, അലവന്‍സുകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് നല്കുന്ന തരത്തിലായിരുന്നു ഭേദഗതി. വിവരാവകാശ കമ്മീഷനുകളുടെ സ്വയംഭരണത്തെയും സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചുവെന്ന് മാത്രമല്ല, കമ്മീഷനുകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി മാറി.
കമ്മീഷനുകളിലെ ഒഴിവുകള്‍ ദീര്‍ഘകാലം നികത്താതിരിക്കുന്നത് പൗരന്മാരുടെ അപ്പീല്‍ അവകാശത്തെ അര്ഥശൂന്യമാക്കുന്നതാണ്. അന്ജലി ഭരദ്വാജ് കേസിലൂടെ വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി വ്യക്തമാക്കിയതാണ്. എന്നിട്ടും, അവ പാലിക്കാതെ പോകുന്നു. നിയമം കടലാസില്‍ നിലനില്ക്കുകയും പ്രായോഗികമായി ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്നു.
പുതിയ വിവാദം
സംസ്ഥാനത്തെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറേറ്റിലെ അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് ടി1, ടി2. ടി1 വിഭാഗം ഉദ്യോഗസ്ഥരുടെ വാര്‍ഷിക രഹസ്യ റിപോര്‍ട്ടുകള്‍, സുരക്ഷിതമായ വ്യക്തിഗത ഫയലുകള്‍, ഉന്നതതല രഹസ്യ പരിശോധനകള്‍, വിജിലന്‍സ് അന്വേഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നു. ടി2 വിഭാഗം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഡയറികള്‍, രഹസ്യ വിവരശേഖരണം, സോഴ്സ് റിപോര്‍ട്ടുകള്‍, പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍, മിന്നല്‍ പരിശോധനകളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യസ്വഭാവം ആവശ്യമായ ചില കാര്യങ്ങളുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം അംഗീകരിക്കാമെങ്കിലും അത്തരം ആവശ്യകതയുടെ പേരില്‍ അവ കൈകാര്യം ചെയ്യുന്ന എല്ലാ വിവരങ്ങളെയും വിവരാവകാശ നിയമത്തിന് പുറത്താക്കുന്നതാണ് വിവാദമായത്.
അടിസ്ഥാന ദൗത്യമെന്ത്?
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അടിസ്ഥാന ദൗത്യം പൊതുപ്രവര്‍ത്തകരുടെ അഴിമതിയും അധികാരദുര്‍വിനിയോഗവും അന്വേഷിക്കുകയാണ്. അതിനെ ഒരു രഹസ്യാന്വേഷണ-സുരക്ഷാ സ്ഥാപനം എന്ന നിലയില്‍ കണക്കാക്കാമോ എന്നതാണ് ഇപ്പോഴത്തെ നിയമ തര്‍ക്കത്തിന്റെ കേന്ദ്രം. അന്വേഷണ പ്രാരംഭഘട്ടത്തിലെ രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദത്തിന് പ്രസക്തിയുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായ കേസുകളുടെ വിവരങ്ങള്‍, പരാതികളില്‍ സ്വീകരിച്ച നടപടികള്‍, അന്വേഷണം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം ഒരേപോലെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടോ?. ഒരു ഉദ്യോഗസ്ഥനെതിരെയോ ജനപ്രതിനിധിക്കെതിരെയോ പരാതി ലഭിച്ചാല്‍ അതില്‍ അന്വേഷണം നടത്തിയോ, എന്ത് നടപടിയാണ് സ്വീകരിച്ചത്, എന്തുകൊണ്ടാണ് കേസ് അവസാനിപ്പിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ താത്പര്യം അവഗണിക്കാനാകില്ല.
പുതിയ വിജ്ഞാപനത്തിനെതിരെ കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിലെ 24(4)ാം വകുപ്പ് പ്രകാരം ഒഴിവാക്കാവുന്ന രഹസ്യാന്വേഷണ- സുരക്ഷാ സ്ഥാപനങ്ങളായി കണക്കാക്കുന്നതിന് മതിയായ നിയമപരമായ അടിത്തറയുണ്ടോ എന്നത് കോടതിയുടെ പരിശോധനക്ക് വിധേയമാകേണ്ടതാണ്. ജനാധിപത്യത്തില്‍ ഭരണകൂടത്തിന് രഹസ്യങ്ങളുണ്ടായിരിക്കാം. എന്നാല്‍ ജനങ്ങളില്‍ നിന്ന് ഭരണത്തിന്റെ ഉത്തരവാദിത്വം മറച്ചുവെക്കാനുള്ള അവകാശമില്ല.


