Connect with us

From the print

'മയില്‍പ്പീലി'യില്‍ നിന്ന് തടിയൂരാന്‍ വിദ്യാഭ്യാസ വകുപ്പ്

കടുത്ത നടപടികള്‍ ഉണ്ടായേക്കില്ല. വിദ്യാഭ്യാസ മന്ത്രിക്ക് വകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ട്.

Published

|

Last Updated

തിരുവനന്തപുരം | സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍പ്പ് പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

ഒക്ടോബര്‍ മുതല്‍ നടന്ന മുഴുവന്‍ പരീക്ഷകളും സ്‌കോളര്‍ഷിപ്പും റദ്ദാക്കാന്‍ തീരുമാനിച്ചതോടെ വിവാദം അവസാനിച്ചെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും വകുപ്പ് തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചു.

ആര്‍ എസ് എസ് സംഘടനയായ ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷക്കാണ് പൊതുവിദ്യാഭ്യാസ ഡഡയറക്ടര്‍ നേരത്തേ അനുമതി നല്‍കിയത്. വിവിധ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ സ്‌കോളര്‍ഷിപ്പും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിനെല്ലാം അനുമതി നല്‍കാറുണ്ടെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ ഉള്ളതെന്നാണ് വിവരം.

മയില്‍പ്പീലി മാസികയുമായി ചേര്‍ന്നാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യംഗ് സ്‌കോളര്‍ എക്സാം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രി അറിയാതെ നടന്ന ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ പിന്നീട് പിന്‍വലിക്കുകയായിരുന്നു. നാല് ഘട്ടങ്ങളില്‍ ആദ്യ രണ്ടെണ്ണം പൂര്‍ത്തിയായിരുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് തിടുക്കപ്പെട്ട് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

Content Highlights:The Kerala education department has taken steps to resolve the Mayilpeeli scholarship controversy. Education Minister N. Shamsudheen cancelled the permission previously granted for the school examination. Authorities clarified that the clearance was issued unintentionally without realizing the background of the publication.