From the print
തീവിലയില്‍ ഉരുകി അടുക്കള
ചെറിയുള്ളി@ 200, വെളുത്തുള്ളി @360. പൊള്ളിച്ച് അരിയും മുട്ടയും.
പാലക്കാട് | നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സാധാരണക്കാര്‍. പച്ചക്കറി മുതല്‍ അരി, പഞ്ചസാര, പാചകയെണ്ണ അടക്കമുള്ളവയുടെ വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളംതെറ്റി. ചില്ലറ വിപണിയില്‍ ചെറിയ ഉള്ളിക്ക് കിലോക്ക് 180 മുതല്‍ 200 രൂപ വരെയും വെളുത്തുള്ളിക്ക് 280 മുതല്‍ 360 രൂപ വരെയും വിലയെത്തി. മുരിങ്ങ, പച്ചമുളക്, ഇഞ്ചി, ചെറുനാരങ്ങ തുടങ്ങിയവക്കും തീവിലയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുടുംബങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിക്കുന്നത് ഇരട്ടപ്രഹരമാകുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം വിലകൂടിയ 15 ഇനങ്ങളില്‍ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണ്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് ചെറിയ ഉള്ളിയുടെ വിലയില്‍ 120.01 ശതമാനവും നാരങ്ങക്ക് 96.37 ശതമാനവും വെളുത്തുള്ളിക്ക് 87.14 ശതമാനവും ഇഞ്ചിക്ക് 71.87 ശതമാനവും വര്‍ധനയുണ്ടായി. മല്ലി, വറ്റല്‍മുളക്, പേരക്ക, മാങ്ങ, വാഴപ്പഴം, പയര്‍, തക്കാളി തുടങ്ങിയവക്കും വിലയേറി.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, തേനി, മധുര മേഖലകളിലുണ്ടായ കനത്ത മഴയും വെള്ളക്കെട്ടും കൃഷിനാശവും ചെറിയ ഉള്ളിയുടെ ഉത്പാദനത്തെയും വിപണിയിലേക്കുള്ള വരവിനെയും ബാധിച്ചതാണ് വില കുതിച്ചുയരാന്‍ പ്രധാന കാരണം. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വിളവെടുപ്പിലുണ്ടായ കുറവും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതേസമയം സവാളയുടെ വില കിലോക്ക് 50-60 രൂപ നിലവാരത്തില്‍ തുടരുകയാണ്. സംസ്ഥാനത്തെ ഔദ്യോഗിക വിലവിവരങ്ങളും വിലക്കയറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. വലിയ ഉള്ളി കിലോക്ക് കഴിഞ്ഞവര്‍ഷം 30.15 രൂപയായിരുന്നത് ഇപ്പോള്‍ 60.86 രൂപയായി. പാവയ്ക്ക 60.69 രൂപയില്‍നിന്ന് 73.93 രൂപയായും വെള്ളരിക്ക് 39.86 രൂപയായും കുമ്പളത്തിന് 37 രൂപയായും പടവലങ്ങക്ക് 48 രൂപയായും ഉയര്‍ന്നു. എന്നാല്‍ വഴുതന, മത്തന്‍, വെണ്ടയ്ക്ക, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിലയില്‍ നേരത്തേതിനേക്കാള്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
പലവ്യഞ്ജന വിപണിയിലും വിലക്കയറ്റം പിടിവിടുന്നില്ല. പഞ്ചസാര കിലോക്ക് കഴിഞ്ഞ വര്‍ഷം 46.12 രൂപയായിരുന്നത് 59.21 രൂപയായി ഉയര്‍ന്നു. മട്ട അരിക്ക് 56.57 രൂപയും പാലക്കാടന്‍ ജയ അരിക്ക് 53.50 രൂപയുമാണ് നിലവിലെ ശരാശരി വില. റിഫൈന്‍ഡ് ഓയിലിന് ലിറ്ററിന് 180.58 രൂപ നല്‍കണം. കഴിഞ്ഞ വര്‍ഷം ഇത് 159.17 രൂപയായിരുന്നു. പാലിന്റെ വില 53.41 രൂപയില്‍നിന്ന് 57.72 രൂപയായും നാടന്‍ മുട്ടയുടെ വില ഡസന്‍ 104.77 രൂപയില്‍നിന്ന് 110.36 രൂപയായും വര്‍ധിച്ചു.
മത്സ്യം, കോഴിയിറച്ചി, പോത്തിറച്ചി എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. മത്സ്യത്തിന് 22.58 ശതമാനവും കോഴിയിറച്ചിക്ക് 21.94 ശതമാനവും പോത്തിറച്ചിക്ക് 12.26 ശതമാനവും മുട്ടക്ക് 10.55 ശതമാനവുമാണ് വിലവര്‍ധന.
വിലക്കയറ്റത്തിനിടയിലും വെളിച്ചെണ്ണയുടെ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ വര്‍ഷം കിലോക്ക് 426.62 രൂപയായിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോള്‍ 289.79 രൂപയാണ്. തേങ്ങ, കാരറ്റ് തുടങ്ങിയ ചില ഇനങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനക്ക് മുന്നില്‍ ഈ കുറവുകള്‍ ആശ്വാസമാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തല്‍.
വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലും പ്രകടമാണ്. ചായക്ക് 20.32 ശതമാനവും കാപ്പിക്ക് 14.88 ശതമാനവും പലഹാരങ്ങള്‍ക്ക് 13.2 ശതമാനവും വില വര്‍ധിച്ചതായാണ് കണക്ക്. വീട്ടുചെലവ് നിയന്ത്രിക്കാന്‍ പച്ചക്കറികള്‍ വാങ്ങുന്നതില്‍പ്പോലും വെട്ടിച്ചുരുക്കല്‍ നടത്തുകയാണ് സാധാരണ കുടുംബങ്ങള്‍. മൊത്തവിപണിയിലെ വിലവര്‍ധന ചില്ലറ വിപണിയിലും പ്രതിഫലിക്കുമ്പോള്‍ ഇടനിലക്കാരുടെ ഇടപെടലും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നു. ആവശ്യത്തിന് സാധനങ്ങള്‍ വിപണിയിലെത്താത്ത സാഹചര്യം തുടര്‍ന്നാല്‍ വില ഇനിയും ഉയരുമെന്ന ആശങ്കയും ശക്തമാണ്.
വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. സാധാരണക്കാരുടെ അടുക്കളച്ചെലവിന് ഇനിയും തീപിടിക്കാതിരിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണ്.
Content Highlights: Skyrocketing prices of vegetables and essential commodities are placing an immense financial burden on households. Families are struggling to manage their monthly budgets due to relentless market inflation. Immediate intervention is required to stabilize essential goods pricing.


