From the print
48 ചോദ്യങ്ങള്‍; രാഹുലും ഇന്ത്യയും സുപ്രീം കോടതിയില്‍
തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുമതി തേടി ഹരജി. തീരുമാനങ്ങളെല്ലാം ഏകകണ്ഠമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം ചോദ്യം ചെയ്യുന്നു.
ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ് ഐ ആര്) നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുമതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ നേതാക്കളും സുപ്രീം കോടതിയില്‍ അപേക്ഷ നല്കി.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിശദമാക്കിയാണ് സുപ്രീം കോടതിയിലെ ഉപഹരജി. എസ് ഐ ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായാണ് എടുത്തതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദമാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
ഏകകണ്ഠമെങ്കില്…
കഴിഞ്ഞ മാസം 26ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍, ഏകകണ്ഠമായ തീരുമാനങ്ങളും അംഗീകാരങ്ങളും സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയുടെ തീയതികള്‍, ഫയല്‍ കുറിപ്പുകള്‍, രേഖകള്‍, തീരുമാനമെടുക്കല്‍ പ്രക്രിയയുടെ വിശദാംശങ്ങള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എതിര് സത്യവാങ്മൂലത്തിന് അംഗീകാരം നല്‍കിയിരുന്നോ, എപ്പോള്‍, ഏത് രീതിയിലാണ് അംഗീകാരം എന്നിവ വ്യക്തമാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു. തീരുമാനങ്ങളില്‍ വിയോജിപ്പുകളോ എതിര്‍പ്പുകളോ ഉണ്ടായിരുന്നോ എന്നും ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി എസ് ഐ ആര് നടപ്പാക്കാന്‍ തീരുമാനമെടുത്തെന്ന കമ്മീഷന്റെ അവകാശവാദവും വിവരാവകാശ നിയമപ്രകാരമുള്ള ആദ്യ അപ്പീല്‍ അധികാരിയുടെ ഉത്തരവും തമ്മിലുള്ള വൈരുധ്യം വിശദീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഓണ്‍ലൈന്‍ ഫോം 6 അപേക്ഷയില്‍ അധിക പ്രഖ്യാപനം ഉള്‍പ്പെടുത്തിയതിന്റെ കാരണം, അതിനുള്ള അംഗീകാരം, ഇതുമൂലം സമര്‍പ്പിക്കപ്പെട്ടതും നിരസിക്കപ്പെട്ടതും തീര്‍പ്പാകാത്തതുമായ അപേക്ഷകളുടെ കണക്കുകള്‍ എന്നിവയും ചോദ്യങ്ങളിലുണ്ട്. കരട്, അന്തിമ വോട്ടര്‍പ്പട്ടികകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍, ഒഴിവാക്കലിന്റെ കാരണങ്ങള്‍, ഫോം 7 പ്രകാരമുള്ള എതിര്‍പ്പുകള്‍, വ്യാജ പരാതികള്‍ക്കെതിരായ നടപടികള്‍ എന്നിവയും ആവശ്യപ്പെടുന്നു.
ഡാറ്റാബേസില്‍
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ ഉത്തരവില്ലാതെ പേരുകള്‍ ചേര്‍ക്കുകയോ നീക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടോ, നീക്കംചെയ്ത പേരുകള്‍ പുനഃസ്ഥാപിക്കാനുള്ള സൗകര്യം ഇ സി ഐ നെറ്റില്‍ ലഭ്യമായിരുന്നോ എന്നിവ വ്യക്തമാക്കണം.
വോട്ടര്‍പ്പട്ടികയുടെ ഡാറ്റാബേസില്‍ പ്രവേശിക്കാനും അതില്‍ മാറ്റംവരുത്താനും അധികാരമുള്ളവരെ സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന വിവേക് ജോഷിയുടെ നിര്‍ദേശം കമ്മീഷന്റെ പരിഗണനക്ക് വന്നിരുന്നോയെന്നും ഹരജിക്കാര്‍ ചോദിക്കുന്നു. വന്നിട്ടുണ്ടെങ്കില്‍ അതിന്റെ തീയതി, ഫയല്‍ നമ്പര്‍, എടുത്ത തീരുമാനം എന്നിവ വെളിപ്പെടുത്തണം.
പശ്ചിമ ബംഗാളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്താനുള്ള ജുഡീഷ്യല്‍ ഉത്തരവുകള്‍ക്കെതിരെ കമ്മീഷന് നല്കിയ അപ്പീലുകളുടെ എണ്ണവും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിക്ക് പുറമേ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് സൗഗത റോയ്, ആര് ജെ ഡി നേതാവ് തേജസ്വി യാദവ്, സുപ്രിയ സുലെ തുടങ്ങിയ പത്തോളം പ്രതിപക്ഷ നേതാക്കള്‍ ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights: The Supreme Court has raised forty-eight critical questions concerning Rahul Gandhi and India. This development has sparked intense political debate nationwide. Legal experts are closely analyzing the court observations.




