From the print
നാലുനാള്‍ മണ്ണാര്‍ക്കാട്ട് ശാസ്ത്ര പരീക്ഷണശാല
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം.
മണ്ണാര്‍ക്കാട് (പാലക്കാട്) | ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ ശാസ്ത്രമേളയായ കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് മണ്ണാര്‍ക്കാട്ട് ഇന്ന് തുടക്കമാകും. ഈ മാസം 21 വരെ നടക്കുന്ന മഹാമേളയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മന്ത്രി എന്‍ ഷംസുദ്ദീന് നിര്‍വഹിക്കും. വി കെ ശ്രീകണ്ഠന് എം പി അധ്യക്ഷത വഹിക്കും.
ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐ ടി തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരക്കും. മത്സരങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും സ്കില്‍ ഫെസ്റ്റിവലും കരിയര്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും. ഇന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച ഘോഷയാത്ര കെ ടി എം മൈതാനത്ത് നിന്ന് ആരംഭിക്കും.
വേദികള്‍: ഗണിതമേള- കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സാമൂഹികശാസ്ത്രമേള- മണ്ണാര്‍ക്കാട് എം ഇ ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പ്രവൃത്തിപരിചയമേള: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശാസ്ത്രമേളയും ഐ ടി മേളയും- എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൈ ഐ പി ശാസ്ത്രപഥം ആശയപ്രദര്‍ശനം- എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
സ്കില്‍ ഫെസ്റ്റിവല്‍ എക്സിബിഷനും കരിയര്‍ ഫെസ്റ്റും- നെല്ലിപ്പുഴ കെ എസ് ആര് ടി സി ബസ്സ്റ്റേഷന് എതിര്‍വശത്തെ മിനി മുബാസ് സ്റ്റേഡിയം, സ്കില്‍ ഫെസ്റ്റിവല്‍- ജി എം യു പി സ്കൂള്‍. യൂനിറ്റി യു പി സ്കൂളിലാണ് ഭക്ഷണശാല സജ്ജീകരിച്ചിരിക്കുന്നത്. രാവിലെയും രാത്രിയും ഭക്ഷണം ഇവിടെ ലഭ്യമാക്കും. ഉച്ചഭക്ഷണം മത്സരവേദികള്‍ക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലാണ്.
മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് താമസമൊരുക്കാന്‍ സമീപപ്രദേശങ്ങളിലെ സ്കൂളുകളില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു.
Content Highlights: Mannarkkad transforms into a vibrant four-day science laboratory, hosting young innovators and students. The event features diverse scientific experiments, working models, and educational exhibits from across the region. It aims to foster scientific temper and practical learning among school students.




