Connect with us

Business

ഒമാന്‍ ദേശീയ ദിനാഘോഷം: ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'മെയ്ഡ് ഇന്‍ ഒമാന്‍' കാമ്പയിന്‍

നവംബര്‍ 21 വരെ ആഘോഷങ്ങള്‍ തുടരും.

Published

|

Last Updated

മസ്‌കത്ത് | ഒമാന്റെ 56ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘മെയ്ഡ് ഇന്‍ ഒമാന്‍’ ക്യാമ്പയിന് തുടക്കമായി. പ്രാദേശിക ഉത്പന്നങ്ങള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനൊപ്പം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടികളും പ്രത്യേക വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 21 വരെ ആഘോഷങ്ങള്‍ തുടരും.

നവംബര്‍ 12ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വ്യവസായ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഖാലിദ് ബിന്‍ സാലിം അല്‍ ഖസബി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഒമാന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ലുലു ശാഖകളില്‍ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഒമാനി സംഗീത പരിപാടികള്‍, കുട്ടികളുടെ നൃത്താവിഷ്‌കാരങ്ങള്‍, കേക്ക് മുറിക്കല്‍ എന്നിവക്കൊപ്പം ഖന്‍ജറുകള്‍, പരമ്പരാഗത മണ്‍പാത്രങ്ങള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ‘മെയ്ഡ് ഇന്‍ ഒമാന്‍’ പ്രചാരണത്തിന്റെ ലക്ഷ്യം. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും ഇതിലൂടെ അവസരം ലഭിക്കും. ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണത്തിനും പ്രാദേശിക ഉത്പാദന മേഖലക്കും പിന്തുണ നല്‍കുന്നതാണ് പദ്ധതി.

ദേശീയ ദിനത്തോടനുബന്ധിച്ച് പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവക്ക് പ്രത്യേക വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത ഒമാനി വസ്ത്രങ്ങളായ പുരുഷന്മാരുടെ ദിശ്ദാശക്കും സ്ത്രീകളുടെ അബായക്കും 20 ശതമാനം വിലക്കിഴിവ് ലഭിക്കും. ലുലു ഹാപ്പിനസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക ബണ്ടില്‍ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.

ദേശീയ ദിനം ഒമാന്റെ പൈതൃകവും സംസ്‌കാരവും ചരിത്രവും നേട്ടങ്ങളും ആഘോഷിക്കുന്ന അഭിമാനകരമായ അവസരമാണെന്ന് ലുലു ഒമാന്‍ ഡയറക്ടര്‍ കെ എ ഷബീര്‍ പറഞ്ഞു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിനും രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അദ്ദേഹം ദേശീയ ദിനാശംസകള്‍ നേര്‍ന്നു. ആഘോഷങ്ങളിലൂടെ ദേശീയ ഐക്യവും ഒരുമയും ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഉത്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Lulu Hypermarkets across Oman have launched the Made in Oman campaign to celebrate the 56th National Day. The initiative highlights local manufacturing and offers special promotions on domestic goods. Shoppers can explore a wide variety of Omani products at discounted prices during the celebrations.

 

Latest