Kerala
ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈപ്പറ്റിയ കേസ്; പ്രതി സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസ്സ് പുറത്താക്കി
ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തനാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സുഹൈല്‍ ഷാജഹാനെ പുറത്താക്കി കൊണ്ടുള്ള നടപടി സ്വീകരിച്ചത്. കെ പി സി സി നിര്‍ദേശത്തെ തുടര്‍ന്നാണിത്.
തിരുവനന്തപുരം | ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ തിരുവനന്തപുരം ഡി സി സി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസ്സ് പുറത്താക്കി. ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തനാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സുഹൈല്‍ ഷാജഹാനെ പുറത്താക്കി കൊണ്ടുള്ള നടപടി സ്വീകരിച്ചത്. കെ പി സി സി നിര്‍ദേശത്തെ തുടര്‍ന്നാണിത്. എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയായ സുഹൈല്‍ കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ്.
ഡോ. സബൈന്‍ ശിവദാസില്‍ നിന്നാണ് സുഹൈല്‍ പണം കൈപ്പറ്റിയത്. കഴിഞ്ഞ ശനിയാഴ്ച ഒരു ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിട്ടുണ്ടെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ആയിരുന്നു സുഹൈല്‍ ഷാജഹാന് ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭീഷണി. എന്നാല്‍, ആദ്യം അതിന് തയ്യാറാകാതിരുന്ന ഡോക്ടര്‍, സുഹൈല്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പണം കൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തി പണം വാങ്ങിയതിനു പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പോലീസ് നിര്‍ദേശ പ്രകാരമാണ് ഡോ. സബൈന്‍ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിലെടുത്തതും. രഹസ്യ കാമറ ഉപയോഗിച്ച് സുഹൈല്‍ ഷാജഹാന് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പോലീസ് ചിത്രീകരിക്കുകയും ചെയ്തു.
കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗം ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന് ആയിരുന്നു. യോഗത്തില്‍ കെ സുധാകരന് പങ്കെടുത്തത് വിവാദമായിരുന്നു.
Content Highlights: The Congress party has expelled Suhail Shajahan over an extortion case. He is accused of threatening a doctor and unlawfully taking Rs 10 lakh. The party took strict disciplinary action following the serious allegations.


