Articles
ജനവഞ്ചനയുടെ ആറ് മാസങ്ങള്‍
അധികാരത്തിലേറി വെറും ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍, കേരളത്തിന്റെ ചരിത്രത്തിലെ വലിയ ജനവഞ്ചനക്കാണ് നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പുതുയുഗ കര്‍മപരിപാടി എന്ന പേരില്‍ സ്വന്തം ഭരണനേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, മറഞ്ഞിരിക്കുന്നത് വഞ്ചനയുടെയും നാടിനെ വിറ്റുതുലയ്ക്കാനുള്ള ഗൂഢാലോചനയുടെയും യാഥാര്‍ഥ്യങ്ങളാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ നിന്നെല്ലാം യു-ടേണ്‍ അടിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പടുത്തുയര്‍ത്തിയ ജനകീയ ബദലുകളെ നിഷ്കരുണം തകര്‍ത്തെറിയാനാണ് ആറ് മാസമായി ശ്രമിക്കുന്നത്. സംഘ്പരിവാറിന്റെ വര്‍ഗീയ- കുത്തക അജന്‍ഡകള്‍ക്ക് കേരളത്തില്‍ ചുവപ്പുപരവതാനി വിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ധനകാര്യ പ്രതിസന്ധിയെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണും കടലും വിഭവങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് അടിയറവ് വെക്കുന്നു. കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ കിഫ്ബിയെ തകര്‍ക്കുക എന്നതാണ് പ്രധാന അജന്‍ഡ.
മിഷന് സമുദ്രയിലൂടെയും മാരിടൈം ബോര്‍ഡ് ഭേദഗതി ബില്ലിലൂടെയും നമ്മുടെ തീരദേശവും കരിമണല്‍ സമ്പത്തും കുത്തകകള്‍ക്ക് കൈമാറാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ തകര്‍ക്കുക മാത്രമല്ല, തീരപ്രദേശങ്ങളില്‍ നിന്ന് അവരെ തുരത്തുകയും ചെയ്യും. ഇതിനുപുറമെ, സരള്‍ ബില്ലിലൂടെ സ്വകാര്യകുത്തകകള്‍ക്ക് കേരളത്തിന്റെ വിഭവ സമ്പത്തും ഭൂമിയും പൂര്‍ണമായും അടിയറവ് വെക്കാനുള്ള അവസരമൊരുക്കുന്നു.
സാധാരണക്കാരുടെ അതിജീവനത്തിനു നിര്‍ണായക പിന്തുണ നല്കുന്ന ക്ഷേമപദ്ധതികളെ തകര്‍ത്തു എന്നതാണ് ഈ സര്‍ക്കാറിന്റെ ആറ് മാസത്തെ മറ്റൊരു നേട്ടം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 599 കോടിയില്‍ നിന്ന് 177 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ അഭിമാനകരമായ ലൈഫ് ഭവന പദ്ധതി, ബഡ്സ് സ്കൂളുകള്‍, കൊവിഡ് കാലത്ത് നാടിന് താങ്ങായ ജനകീയ ഹോട്ടലുകള്‍, സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും സ്തംഭിച്ചു. ലൈഫ് മിഷനില്‍ ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍, പാവപ്പെട്ടവരുടെ വീടുകളില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര പതിപ്പിക്കാന്‍ അനുമതി നല്‍കിയതിലൂടെ അവരുടെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിക്കുന്നത്.
രാജ്യത്തിന് തന്നെ മാതൃകയായിരുന്ന നമ്മുടെ പൊതുജനാരോഗ്യ, വൈദ്യുതി മേഖലകളെ സ്വകാര്യവത്കരിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ പോലുമില്ലാത്ത അവസ്ഥയുണ്ടായി. വൈദ്യുതി മേഖലയില്‍ കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചതിലൂടെ, കേരളത്തിലെ ആശുപത്രികളില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തേണ്ട ദുരവസ്ഥ വരെയുണ്ടായി എന്നത് നാണക്കേടാണ്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊരു ഇടപെടലുമില്ല. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും ഇന്‍ഷ്വറന്‍സ് വിഹിതം കൂട്ടിയും പ്രവാസികളെ ദുരിതത്തിലാക്കി. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍, 308 ആദിവാസി അധ്യാപകരെ കുട്ടത്തോടെ പിരിച്ചുവിട്ട നടപടി, വന്യജീവി ആക്രമണങ്ങളില്‍ ജീവന് പൊലിയുന്നവരോടുള്ള സര്‍ക്കാറിന്റെ നിസ്സംഗത എന്നിവയെല്ലാം ഈ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് വെളിവാക്കുന്നത്.
ഭരണനിര്‍വഹണ തലത്തിലും നിയമ തലങ്ങളിലും യോഗ്യതക്ക് പകരം സംഘ്പരിവാര്‍ വിധേയത്വമാണ് ഇപ്പോള്‍ നിയമനങ്ങള്‍ക്കുള്ള മാനദണ്ഡം. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് മുതല്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ വരെ എല്ലായിടത്തും സംഘ്പരിവാര്‍-ഗവര്‍ണര്‍ അനുകൂലികളെ തിരുകിക്കയറ്റുകയാണ്. പൊതുവിദ്യാലയങ്ങളില്‍ ബാലഗോകുലം പരീക്ഷക്ക് അനുമതി നല്കിയതും സവര്‍ക്കറെ വാഴ്ത്തുന്ന ചോദ്യങ്ങള്‍ സ്കൂള്‍ പ്രശ്നോത്തരിയുടെ ഭാഗമാക്കിയതും വഖ്ഫ് ബോര്‍ഡില്‍ അമുസ്ലിം നിയമനത്തിനനുകൂലമായി നിലപാടെടുത്തതും ഏറ്റവും ഒടുവില്‍ ബോര്‍ഡ് തന്നെ പിരിച്ചുവിട്ടതും സര്‍ക്കാറിന്റെ മതനിരപേക്ഷ വിരുദ്ധ നിലപാടുകള്‍ക്കുള്ള പകല്‍പോലുള്ള തെളിവുകളാണ്.
ഈ ജനവഞ്ചനക്കും കോര്‍പറേറ്റ്- വര്‍ഗീയ ദാസ്യത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ നോക്കിനില്ക്കാന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് കഴിയില്ല. കേരളത്തിന്റെ നേട്ടങ്ങളെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന ഈ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ നിയമസഭക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുപോകുക തന്നെ ചെയ്യും. സമരങ്ങളിലൂടെയാണ് ഈ നാട് അവകാശങ്ങള്‍ നേടിയെടുത്തത്, ആ സമരച്ചൂളയില്‍ ഈ ജനവിരുദ്ധ സര്‍ക്കാറിനും മറുപടി നല്‍കും.





