Kerala
ശബരിമലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നു: മന്ത്രി കെ മുരളീധരന്
ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും മന്ത്രി
ശബരിമല | ശബരിമല തീര്‍ത്ഥാടന കാലത്ത് ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും മന്ത്രി കെ മുരളീധരന്. കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്ലറ്റിലെ വാല്‍വ് അടച്ചിട്ടതും ചൊവ്വാഴ്ച പുലര്‍ച്ചെ ഒരാള്‍ ബഹളമുണ്ടാക്കിയതും അടക്കമുള്ള സംഭവങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും, ടെന്‍ഡര്‍ ലഭിക്കാത്തവരും കച്ചവട താല്പര്യക്കാരുമാണ് ബഹളത്തിന് ഇറങ്ങിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇന്റലിജന്‍സ് വിഭാഗത്തോട് വിഷയം സസൂക്ഷ്മം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ഇതുവരെയുള്ള ക്രമീകരണങ്ങളില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഭിന്നതയുള്ളതിനാല്‍ പ്രതിസന്ധിയുണ്ടാകുമെന്ന് പലരും പ്രചരിപ്പിച്ചെങ്കിലും, പരാതികളില്ലാത്ത ആദ്യത്തെ വൃശ്ചികം ഒന്നാണ് കടന്നുപോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പിശുക്കും കൂടാതെ മുഖ്യമന്ത്രി എല്ലാ കാര്യങ്ങള്‍ക്കും പണം അനുവദിക്കുന്നുണ്ടെന്നും ചെറിയ പാളിച്ചകള്‍ പോലും സംഭവിക്കാതിരിക്കാന്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
അതേസമയം, ബോര്‍ഡ് കോര്പ്പറേഷന് വിഭജനം ഉടന്‍ നടക്കുമെന്നും സര്‍ക്കാരിന്റെ ആറുമാസത്തെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന സര്‍ക്കാരാണിതെന്നും മറ്റാര്‍ക്കെങ്കിലും അസംതൃപ്തിയുണ്ടോ എന്ന് നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷം തീരെ ദുര്‍ബലരായതിനാല്‍ ഭരണകക്ഷിയിലെ ചിലര്‍ ഞങ്ങളുടെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാന്‍ ഉപദേശങ്ങള്‍ നല്‍കുന്നതാണെന്നും, പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണെന്നും കെ മുരളീധരന് പരിഹസിച്ചു.
Content Highlights: Minister K Muraleedharan alleged that miscreants with commercial interests are trying to create a crisis during the Sabarimala pilgrimage. He confirmed that police and intelligence agencies are investigating recent disruptions. The minister also expressed satisfaction over the arrangements monitored by the High Court





