Connect with us

Kerala

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫോണ്‍ പേ പേയ്മെന്റ് ഗേറ്റ്വേ സൗജന്യം; ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയുമായി കൈകോര്‍ത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ലളിതമാക്കാന്‍ ഈ സഹകരണം സഹായിക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ വെബ്സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും ഫോണ്‍പേ പേയ്മെന്റ് ഗേറ്റ്വേ സൗജന്യമായി ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയുമായി കൈകോര്‍ത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഓണ്‍ലൈന്‍ വഴി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ലളിതമാക്കാന്‍ ഈ സഹകരണം സഹായിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്ന് മാസമോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള പേയ്മെന്റുകള്‍ക്കോ എം ഡി ആര്‍ നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഈടാക്കാറുള്ള ഒന്നര മുതല്‍ രണ്ടര ശതമാനം വരെയുള്ള ചെലവ് ലാഭിക്കാന്‍ ഇത് ബിസിനസുകളെ സഹായിക്കും. സൗജന്യ കാലാവധി കഴിഞ്ഞാലും സംരംഭങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള എം ഡി ആര്‍ ഇളവുകള്‍ ലഭ്യമാകും. ഫോണ്‍ പേ ആപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പരസ്യങ്ങള്‍ നല്‍കാനും അവസരമുണ്ടാകും. ഇതിനുപുറമെ സാങ്കേതിക സഹായവും ഓണ്‍ബോര്‍ഡിംഗ് പിന്തുണയും ലഭ്യമാക്കും.

സംരംഭകര്‍ക്ക് പേയ്മെന്റ് പ്ലാറ്റ്ഫോമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ബിസിനസ് വിപുലീകരിക്കാനും ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യം കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് യൂണിക്ക് ഐഡി സ്വന്തമാക്കണം. തുടര്‍ന്ന് കെ എസ് യു എം പോര്‍ട്ടലിലെ സര്‍വീസ് പാര്‍ട്ണര്‍ വിഭാഗത്തില്‍ ഫോണ്‍ പേ തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥയൊരുക്കുകയാണ് കെ എസ് യു എമ്മിന്റെ ലക്ഷ്യമെന്നും, ഫോണ്‍ പേയുമായുള്ള സഹകരണം സംരംഭകരുടെ പ്രവര്‍ത്തനപരമായ പ്രതിസന്ധികള്‍ കുറക്കുമെന്നും കെ എസ് യു എം സി ഇ ഒ അനൂപ് അംബിക വ്യക്തമാക്കി. സാങ്കേതിക മുന്നേറ്റത്തിന്റെ കേന്ദ്രമായി വളരുന്ന കേരളത്തിലെ സംരംഭകരെ ഡിജിറ്റല്‍ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫോണ്‍ പേ പേയ്മെന്റ്‌സ് വിഭാഗം മേധാവി ദീപ് അഗര്‍വാള്‍ പറഞ്ഞു.

Content Highlights: Kerala Startup Mission has partnered with PhonePe to provide free payment gateway services and zero MDR charges for registered startups. This initiative helps entrepreneurs save on transaction costs and expand their digital businesses. Startups can apply through the KSUM portal to benefit from this collaboration.
---- facebook comment plugin here -----

Latest