Connect with us

From the print

ഫേസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം: അന്വേഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍; ചികിത്സാ രേഖകള്‍ തേടി

പ്രത്യേക സമിതി രൂപവത്കരിക്കും.

Published

|

Last Updated

തിരുവനന്തപുരം | ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് പെണ്‍കുട്ടിക്ക് വൃക്കരോഗം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സീനിയര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി.

ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ചികിത്സാ രേഖകളും തേടിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറും. ഓണ്‍ലൈന്‍ വഴി വാങ്ങിയ എഫ് ട്യൂണ്‍ ക്രീമിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പ്രാഥമിക വിവരം. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയാന്‍ നടപടി ശക്തമാക്കിയ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കും.

വരുന്നത് പുറത്തുനിന്ന്
വ്യാജ ക്രീമുകള്‍ നിര്‍മിക്കുന്ന കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന ക്രീമുകളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നതെന്നുമാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ അതിര്‍ത്തികളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്ന ശിപാര്‍ശ ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഈ ക്രീമുകള്‍ കൂടുതലും വിറ്റഴിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

വ്യാജനെ കാണാനില്ല
വ്യാജ ക്രീമുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കടകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായെങ്കിലും സജീവമായ ഓണ്‍ലൈന്‍ വില്‍പ്പന തടയാന്‍ സര്‍ക്കാറിനാകുന്നില്ല. ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പല ഉത്പന്നങ്ങളും വില്‍ക്കുന്നത്. എല്ലാ ജില്ലകളിലും ഓപറേഷന്‍ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധന തുടരുന്നുണ്ട്. ഇത്തരത്തിലുള്ള ക്രീമകുള്‍ക്ക് പ്രചാരണം നല്‍കുന്ന വ്‌ലോഗേഴ്സിന് എതിരെയും നടപടിയുണ്ടാകും.

ഇതിനിടെ, എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളാണ് നിര്‍മാതാവിനെതിരെ ചുമത്തിയത്.

Content Highlights: The Drugs Control Department has launched an investigation into kidney disease cases linked to face cream use in Kerala. Officials have sought patient treatment records as part of the probe into high mercury levels in cosmetic products. Authorities are reviewing product safety and consumer health risks.

 

---- facebook comment plugin here -----

Latest