Connect with us

Articles

സോണിയാ ഗാന്ധി പറയാതെ പോയത്

രാഷ്ട്രീയത്തിലേക്കില്ല എന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന്റെ അമരത്തേക്ക് കയറിവന്നു എന്ന ചോദ്യത്തിന് 28ാം അധ്യായത്തില്‍ വ്യക്തമായ മറുപടിയുണ്ട്. താന്‍ ഡല്‍ഹിയില്‍ കാലുകുത്തിയ അന്ന് തൊട്ട് 'വിദേശ മരുമകളായി' ചാപ്പ കുത്തി വിദ്വേഷം പരത്തുന്ന ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ അവര്‍ അങ്ങേയറ്റം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ടത്രെ.

Published

|

Last Updated

കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥ (ബിലോംഗിംഗ്‌സ്: എ ജേര്‍ണി ഓഫ് ലവ്) മനോഹരവും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ കൊതിപ്പിക്കുന്നതുമായ ഒരപൂര്‍വ രചനയാണ്. ആദ്യത്തെ ഏഴ് അധ്യായങ്ങള്‍ കേംബ്രിഡ്ജ് വാഴ്‌സിറ്റി ക്യാമ്പസിലെ ഒരു ഗ്രീക്ക് ഹോട്ടലില്‍ പതിവായി കണ്ടുമുട്ടാറുള്ള ഒരു ഇന്ത്യന്‍ യുവാവും ഇറ്റലിയില്‍ നിന്നുള്ള ഒരു 19കാരിയും അനുരാഗ പ്രയാണത്തിലൂടെ രണ്ട് വര്‍ഷത്തിന് ശേഷം ജീവിത സാഫല്യം കൈവരിക്കുന്ന പ്രേമകഥയാണ്. യുവാവ് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സീമന്തപുത്രന്‍ രാജീവ് ഗാന്ധി. എന്‍ജിനീയറിംഗ് പഠിക്കാന്‍ ഇംഗ്ലണ്ടിലെത്തിയതായിരുന്നു. യുവതിയാകട്ടെ ഇറ്റലിയിലെ വെനിറ്റോ മേഖലയില്‍ നിന്ന് കേംബ്രിഡ്ജ് സ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ സോണിയ എന്ന 19കാരിയും. ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ പൂത്തുലഞ്ഞ അവരുടെ പ്രണയം ഇന്ത്യാ മഹാരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ദിശ തന്നെ തിരുത്തിക്കുറിച്ചു.

പറയാതെ പോയ രാഷ്ട്രീയം
രണ്ട് മഹാദുരന്തങ്ങളാണ് രാഷ്ട്രീയ ജീവിതത്തില്‍ സോണിയക്കും മക്കള്‍ക്കും ഏറ്റുവാങ്ങേണ്ടിവന്നത്. സിഖ് തീവ്രവാദികള്‍ക്കെതിരായ ‘ഓപറേഷന്‍ ബ്ലൂസ്റ്റാറി’നെ കുറിച്ചും ഇന്ദിരയുടെ വധത്തെ കുറിച്ചും സിഖ്്വിരുദ്ധ കലാപത്തെ കുറിച്ചുമൊക്കെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയിലേക്ക് നയിച്ച കോണ്‍ഗ്രസ്സിന്റെ നയവ്യതിയാനത്തെ കുറിച്ച് ആഴത്തില്‍ അപഗ്രഥിക്കാന്‍ സോണിയ അശക്തയാണെന്ന് വിലയിരുത്തുന്നതാകും ശരി. 1980ല്‍ അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചുവന്ന ഇന്ദിരാ ഗാന്ധിക്ക് ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തില്‍ ലീനമായി കിടന്ന ‘ഹിന്ദുവോട്ട് ബേങ്കി’നെ കുറിച്ച് പുതിയ തിരിച്ചറിവുണ്ടായി. ആ വോട്ട് ബേങ്കിനെ ഭാവിയില്‍ പോഷിപ്പിക്കാന്‍ സിഖ്്വിരുദ്ധ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു. സുവര്‍ണ ക്ഷേത്രത്തിലേക്ക് കടന്ന പട്ടാളം കബന്ധങ്ങള്‍ നിരത്തിയപ്പോള്‍ സിഖുകാര്‍ പ്രതികാരത്തിന് തീരുമാനിച്ചു. അങ്ങനെയാണ് സ്വന്തം അംഗരക്ഷകര്‍ ഇന്ദിരയുടെ ജീവനെടുക്കുന്നത്.

ഷാബാനുബീഗം കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായ നിയമ നിര്‍മാണത്തെ (1986ലെ മുസ്ലിം വിവാഹമുക്തയുടെ അവകാശ സംരക്ഷണ നിയമം) സോണിയ ന്യായീകരിക്കുന്നുണ്ട്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ വ്യക്തിനിയമത്തിന്റെ അടിത്തറ കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിയാണത്. ആര്‍ എസ് എസുമായി രഹസ്യധാരണയുണ്ടാക്കാന്‍ ശ്രമിച്ച രാജീവ് ഗാന്ധിയെയും തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താനും 1949ല്‍ പൂട്ടിയിട്ട പള്ളിയുടെ കവാടം പൂജക്കായി തുറന്നുകൊടുക്കാനും അനുവദിച്ച ഭരണകൂടത്തെയും കുറിച്ച് ഒരക്ഷരം മിണ്ടാത്തത് സോണിയയെ കുറിച്ചുള്ള വിശ്വാസ്യതക്ക് കോട്ടം തട്ടിക്കുന്നുണ്ട്. കണ്‍മുമ്പില്‍ സൈന്യത്തെ സാക്ഷിനിര്‍ത്തി പട്ടാപ്പകല്‍ ബാബരിപ്പള്ളി തകര്‍ത്തെറിയാന്‍ കൂട്ടുനിന്ന പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ സോണിയ വല്ലാതെ വെറുത്തിരുന്നുവെന്ന് അക്കാലത്ത് കേട്ടതാണ്. റാവുവിന്റെ ഭൗതികശരീരം എ ഐ സി സി ആസ്ഥാനത്ത് വെക്കുകയോ അന്തിമോപചാരം അര്‍പ്പിക്കാന്‍ കൂട്ടാക്കുകയോ ചെയ്തില്ലെന്നായിരുന്നു റിപോര്‍ട്ട്. പക്ഷേ, ഇനി ഒരു വിവാദം വേണ്ട എന്ന തീരുമാനത്തിലാകാം അതൊന്നും പറയാതെ പോയത്. രാഷ്ട്രീയത്തിന്റെ ആഴക്കടല്‍ വകഞ്ഞുമാറ്റി തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഊന്നല്‍ നല്‍കിയ ഈ രചന ഭാവി എഴുത്തുകാര്‍ക്ക് ഒരു മാതൃകയാണ്.

ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ദാരുണവും രക്തപങ്കിലവുമായ അന്ത്യത്തോടെ ജീവിതം നിശ്ചലമായപ്പോള്‍ മടക്കയാത്രയെ കുറിച്ച് സോണിയ ചിന്തിച്ചിരുന്നുവോ? രാജീവിന്റെ അന്ത്യസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സോണിയയുടെ സഹോദരി നാദിയ ഒരുനാള്‍ ഉച്ചക്ക് ശേഷം വിശ്രമമുറിയില്‍ ഇരുവരും മാത്രമിരിക്കെ അടുത്ത് ചെന്ന് കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് ഗൗരവസ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയത്രെ. ‘സോണിയ, അവര്‍ നിന്റെ ഭര്‍തൃമാതാവിനെ കൊന്നു; ഇപ്പോള്‍ ഭര്‍ത്താവിനെയും കൊന്നു. നീ എന്താണ് ഇവിടെ ചെയ്യാന്‍ പോകുന്നത്? എന്തിനെയാണ് നീ കാത്തിരിക്കുന്നത്? നിന്റെ മക്കളുടെ ഊഴത്തെയോ? അതോ നിന്റെതോ? ഇന്ത്യ നിനക്ക് തന്നത് അറ്റമില്ലാത്ത ദുഃഖമാണ്. വീട്ടിലേക്ക് മടങ്ങുക സോണിയ, ഞങ്ങള്‍ക്കെല്ലാം നിന്നെയും മക്കളെയും ആവശ്യമുണ്ട്.’
ഈ വാക്കുകള്‍ കേട്ട് സ്തബ്ധയായി തനിക്ക് കുറെ നേരത്തേക്ക് ഒരക്ഷരം മിണ്ടാന്‍ സാധിച്ചില്ല എന്ന് സോണിയ പറയുന്നു. അവസാനം സഹോദരിക്ക് ഒരുത്തരം കൊടുത്തു. ‘നാദിയ, നിനക്ക് എന്റെ മാനസികാവസ്ഥ മനസ്സിലാകില്ല. ഇതാണ് എന്റെ വീട്. ഇതാണ് എന്റെ രാജ്യം. എന്റെ മക്കളുടെ രാജ്യവും.’ മാതാവും സഹോദരിയുടെ അതേ സ്വരത്തില്‍ കേണപേക്ഷിച്ചുവത്രെ. ഒരുത്തരം മാത്രമേ തിരിച്ചുകൊടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ഇറ്റലിയല്ല, ഇന്ത്യയാണ് എന്റെ രാജ്യം. പുസ്തകത്തിന്റെ ശീര്‍ഷകം (ബിലോംഗിംഗ്) അര്‍ഥമാക്കുന്നത് ഈ പ്രതിബദ്ധതയാണ്.

രാഷ്ട്രീയത്തിലേക്കില്ല എന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന്റെ അമരത്തേക്ക് കയറിവന്നു എന്ന ചോദ്യത്തിന് 28ാം അധ്യായത്തില്‍ വ്യക്തമായ മറുപടിയുണ്ട്. താന്‍ ഡല്‍ഹിയില്‍ കാല്‍ കുത്തിയ അന്ന് തൊട്ട് ‘വിദേശ മരുമകളായി’ ചാപ്പ കുത്തി വിദ്വേഷം പരത്തുന്ന ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ അവര്‍ അങ്ങേയറ്റം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ടത്രെ. ഈ രാജ്യത്തിന്റെ ബഹുസ്വരതയും ആത്മാവും നശിപ്പിക്കുന്നവര്‍ക്കെതിരെ ജീവിതാന്ത്യം വരെ പൊരുതേണ്ടതുണ്ടെന്ന് സോണിയാ ഗാന്ധി ഉറച്ചുവിശ്വസിക്കുന്നു. മക്കളെ ആ പോരാട്ടത്തിനായി പരിശീലിപ്പിക്കുന്നു. അവരോടൊപ്പം ഈ ചിന്താഗതിയുമായി എത്ര കോണ്‍ഗ്രസ്സുകാരുണ്ട് എന്നതാണ് മര്‍മപ്രധാനമായ ചോദ്യം.

 

 

---- facebook comment plugin here -----

Latest