Kerala
ശാസ്ത്രവിസ്മയങ്ങളുടെ കൗതുകക്കാഴ്ചകള്‍; റോബോട്ടിക്സും ഇലക്ട്രോണിക്സ് പരീക്ഷണങ്ങളും ശ്രദ്ധേയമായി
സംസ്ഥാന ശാസ്ത്രോത്സവത്തില്‍ 385 പോയിന്റ്നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 383 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 373 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനത്തുമാണ്.
മണ്ണാര്‍ക്കാട് | ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് കൗതുകത്തിന്റെയും അന്വേഷണത്തിന്റെയും പുതിയ വാതിലുകള്‍ തുറന്ന് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മൂന്നാംദിനം. റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പരീക്ഷണങ്ങള്‍, പ്രവര്ത്തനമാതൃകകള്, ഗവേഷണ പ്രൊജക്ടുകള്‍ എന്നിവ കൗതുകമുണര്‍ത്തി. ശാസ്ത്രീയ തത്ത്വങ്ങളെ കേവല അറിവിനപ്പുറം ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതായിരുന്നു. മത്സരങ്ങളുടെ സവിശേഷത. സങ്കീര്‍ണമായ ശാസ്ത്രീയ ആശയങ്ങള്‍ ലളിതമായ മാതൃകകളിലൂടെ വിശദീകരിച്ച മത്സരാര്‍ഥികള്‍ നിരീക്ഷണപാടവവും സര്‍ഗാത്മകതയും ഒരുപോലെ പ്രകടിപ്പിച്ചു.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഐ ടി, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം എന്നീ മേഖലകളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വിവരസാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പരിചയപ്പെടുത്തിയ ഐ ടി മത്സരങ്ങള്‍ക്കൊപ്പം ഗണിതത്തിലെ യുക്തിചിന്തയും സാമൂഹിക വിഷയങ്ങളിലെ ആഴത്തിലുള്ള പഠനവും ചരിത്രാന്വേഷണവും ശ്രദ്ധേയമായി. പാഠപുസ്തകങ്ങളില്‍നിന്ന് നേടിയ അറിവിനെ സ്വന്തം ആശയങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്ന വേദിയായി ശാസ്ത്രോത്സവം മാറി. ശാസ്ത്രമേളക്ക് നാളെ തിരശ്ശീല വീഴും.
കടല്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ എ ഐ
മണ്ണാര്‍ക്കാട് | കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുക മാത്രമല്ല, അവ സംസ്കരിച്ച് ഇന്ധനവും മറ്റ് ഉത്പന്നങ്ങളുമാക്കി മാറ്റുകയും ചെയ്യാം. കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്ന ‘പൈറോസിസ്’ പദ്ധതിക്ക് രൂപം നല്‍കിയത് തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ ജി ആര് അക്ഷയും എസ് ആര് ദര്ശന്കൃഷ്ണയും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി ശേഖരിക്കുന്ന പ്രത്യേക ബോട്ടാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച ശേഷമാണ് സംസ്കരണത്തിന് വിധേയമാക്കുന്നത്.
പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അതിനായി മാറ്റിവെക്കും. പി വി സി ഒഴികെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്യാസിഫയര്‍ സംവിധാനത്തിലെത്തിച്ച് ഉയര്‍ന്ന താപനിലയില്‍ സംസ്കരിക്കും. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന വാതകവും എണ്ണയും പ്രത്യേക അറകളില്‍ വേര്‍തിരിച്ച് ശേഖരിക്കാനാകും. ഇത്തരത്തില്‍ ലഭിക്കുന്ന കണ്ടന്‍സ്ഡ് ഓയില്‍ വ്യവസായശാലകളില്‍ ഇന്ധനമായി ഉപയോഗിക്കാം. ശേഷിക്കുന്ന വാതകം ഗ്യാസ് ഇന്ധനമായി പ്രയോജനപ്പെടുത്താനും കാര്‍ബണ്‍ അവശിഷ്ടങ്ങള്‍ റോഡ് ടാറിംഗിന് ഉപയോഗിക്കാനുമാകും. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവായി കണക്കാക്കുന്നത്്.
റോഡ് സുരക്ഷാ മാതൃകയുമായി അനുശ്രീയും മെഹറിനും
മണ്ണാര്‍ക്കാട് | റോഡപകടങ്ങളുടെ തീവ്രത നേരിട്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണ് ആലപ്പുഴ കായംകുളം സെന്റ് മേരീസ് ജി എച്ച് എസിലെ വിദ്യാര്‍ഥിനിയായ എം എസ് അനുശ്രീ റോഡ് സുരക്ഷാ മാതൃകയിലേക്ക് തിരിഞ്ഞത്. ശാസ്ത്രമേളയിലെ എച്ച് എസ് വിഭാഗം വര്‍ക്കിംഗ് മോഡല്‍ മത്സരത്തില്‍ എന്‍ മെഹറിനൊപ്പം അനുശ്രീ അവതരിപ്പിച്ച ‘ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ എസ് എം എസ് അലേര്‍ട്ട് ആന്‍ഡ് വെഹിക്കിള്‍ സേഫ്റ്റി സിസ്റ്റം’ എന്ന പ്രോജക്റ്റിന് പിന്നില്‍ ഇത്തരമൊരു പശ്ചാത്തലമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് സഹോദരനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോഴാണ് അനുശ്രീ അപകടത്തില്‍പ്പെട്ടത്. ഈ ദുരനുഭവമാണ് മറ്റുള്ളവര്‍ക്ക് ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുശ്രീയെ പ്രേരിപ്പിച്ചത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ മാതൃക. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് വാഹനത്തിന്റെ സ്റ്റിയറിംഗില്‍ ഘടിപ്പിച്ചിരിക്കുന്ന ആല്‍ക്കഹോള്‍ സെന്‍സര്‍ പരിശോധിച്ചറിയും. നിശ്ചിത പരിധിയിലുള്ള മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ വാഹനത്തിന്റെ എന്ജിന് നിലക്കും. കാറിന്റെ ഡിസ്പ്ലേയില്‍ സ്റ്റാറ്റസ് കാണിക്കുകയും ബസര്‍ വഴി മുന്നറിയിപ്പ് ശബ്ദം മുഴങ്ങുകയും ചെയ്യും.
വാഹന നമ്പറും ലൊക്കേഷനും സഹിതം മോട്ടോര്‍ വാഹന വകുപ്പിന് എസ് എം എസ് അലേര്‍ട്ട് അയക്കാനും സാധിക്കും. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന.
കൗതുകമായി വേസ്റ്റ് ടു ഹൈഡ്രജന്‍
മണ്ണാര്‍ക്കാട് | പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, കാര്‍ബണ്‍ മാലിന്യങ്ങള്‍ എന്നിവക്ക് ശാസ്ത്രീയമായ പരിഹാരം നേടുന്നതിനൊപ്പം ഭാവിയുടെ ഇന്ധനമായ ഹൈഡ്രജനും വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന വേസ്റ്റ് ടു ഹൈഡ്രജന്‍ ആന്‍ഡ് പവര്‍ ജനറേഷന് മാതൃക ശ്രദ്ധേയമായി.
എച്ച് എസ് വിഭാഗം സ്റ്റില്‍ മോഡലിലാണ് കോഴിക്കോട് തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ആന്മരിയ സിജു, ഇസബെല്‍ തെരേസ് എന്നിവര്‍ ആശയം അവതരിപ്പിച്ചത്. ശ്രെഡര് ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കുന്ന മാലിന്യങ്ങള്‍ ഹോപ്പര്‍ വഴി നിയന്ത്രിതമായി ഫര്‍ണസിലേക്ക് നല്‍കുന്നതാണ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. പ്ലാസ്മ ടോര്‍ച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ 2,000 മുതല്‍ 3,500 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയില്‍ ഗ്യാസിഫിക്കേഷന്‍ നടത്തി മാലിന്യത്തെ വിഘടിപ്പിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന സിന് ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. ഖരാവശിഷ്ടം വിട്രിഫൈഡ് സ്ലാഗ് ആയി വേര്തിരിയുന്നതിനാല് നിര്‍മാണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും.
തുടര്‍ന്ന് സിന് ഗ്യാസ് ഫില്‍റ്ററുകള്‍, സ്ക്രബ്ബറുകള്‍, സെക്കന്‍ഡറി ചേംബര്‍, വാട്ടര്‍ ഗ്യാസ് ഷിഫ്റ്റ് റിയാക്ടര്‍, പി എസ് എ യൂനിറ്റ്, മെംബ്രേന്‍ യൂനിറ്റ് എന്നിവയിലൂടെ കടത്തിവിട്ട് ഉയര്‍ന്ന ശുദ്ധിയുള്ള ഗ്രീന്‍ ഹൈഡ്രജനായി മാറ്റുന്നു.
പ്രതിദിനം 100 ടണ്‍ മാലിന്യം സംസ്കരിക്കാനായാല്‍ ഏകദേശം 30,000 കിലോഗ്രാം സിന് ഗ്യാസും 7,500 കിലോഗ്രാം ഹൈഡ്രജനും 20,000 യൂനിറ്റോളം വൈദ്യുതിയും ഉത്പാദിപ്പിക്കാനാകുമെന്നാണ് മാതൃകയിലൂടെ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മലപ്പുറം മുന്നേറ്റം തുടരുന്നു
മണ്ണാര്‍ക്കാട് | സംസ്ഥാന ശാസ്ത്രോത്സവത്തില്‍ 385 പോയിന്റ്നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 383 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 373 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനത്തുമാണ്.
മറ്റ് ജില്ലകളുടെ പോയിന്റ്: തൃശൂര്‍-372, കോഴിക്കോട് -370, കോട്ടയം-362, കാസര്‍കോട്-356, പാലക്കാട്-355, തിരുവനന്തപുരം-349, എറണാകുളം-346, ആലപ്പുഴ-343, കൊല്ലം-338, ഇടുക്കി -323, പത്തനംതിട്ട-307.
സ്കൂള്‍ തലത്തില്‍ വയനാട് ജില്ലയിലെ ജി വി എച്ച് എസ് എസ് മാനന്തവാടി 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആലപ്പുഴ ജില്ലയിലെ എം ഐ എച്ച് എസ് പൂംകാവ് 48 പോയിന്റ്നേടി രണ്ടാം സ്ഥാനത്തുണ്ട്. വയനാട്ടിലെ തന്നെ അസംപ്ഷന്‍ എച്ച് എസ് ബത്തേരി 44 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇടുക്കി ജില്ലയിലെ എസ് ടി എച്ച് എസ് എസ് ഏറാറ്റയാര് 39 പോയിന്റുമായി നാലാം സ്ഥാനത്തും മലപ്പുറം ജില്ലയിലെ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂര് 38 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.
കാസര്‍കോട് ജില്ലയിലെ ഗവ. എച്ച് എസ് എസ് കുണ്ടംകുഴി 36 പോയിന്റുമായി ആറാം സ്ഥാനത്തും കണ്ണൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് മോക്കേരി, കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ്, വയനാട്ടിലെ എം ജി എം എച്ച് എസ് എസ് മാനന്തവാടി, കണ്ണൂരിലെ മമ്പറം എച്ച് എസ് എസ് എന്നിവ 35 പോയിന്റ് വീതം നേടി ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനത്തുമാണ്.
Content Highlights: Robotics models and electronics experiments drew wide attention at a science exhibition. Students showcased practical engineering circuits and automated prototypes. The event highlighted growing interest in applied science and technical learning.


