Kerala
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: അന്വേഷിച്ചത് രണ്ട് ഏജന്‍സികള്‍; രണ്ട് കുറ്റപത്രങ്ങള്‍
ആദ്യം കേരള പോലീസും പിന്നീട് സി ബി ഐയുമാണ് കേസ് അന്വേഷിച്ചത്. രണ്ട് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കണ്ണൂര്‍ | രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന പ്രത്യേകതയുണ്ട് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്. ആദ്യം കേരള പോലീസും പിന്നീട് സി ബി ഐയുമാണ് കേസ് അന്വേഷിച്ചത്. രണ്ട് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി 2019 ജനുവരി നാലിനാണ് സി ബി ഐ അഡീഷണല്‍ എസ് പി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2018 സെപതംബര്‍ 18ന് കൊച്ചി പ്രത്യേക സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും മടക്കിയിരുന്നു. കേസ് തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണെന്ന നിഗമനത്തിലും ലോക്കല്‍ പോലീസിന്റെ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിക്ക് മുമ്പാകെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സി ബി ഐ കോടതി കുറ്റപത്രം മടക്കിയത്. തുടര്‍ന്നാണ് കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
നേരത്തെ, കേസില്‍ വളപട്ടണം സി ഐയായിരുന്ന യു പ്രേമന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി ജയരാജനും ടി വി രാജേഷിനുമെതിരേ കുറ്റകൃത്യമറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റത്തിന് 118-ാം വകുപ്പാണ് ചുമത്തിയിരുന്നത്. എന്നാല്‍, സി ബി ഐ കുറ്റപത്രത്തില്‍ 302, 120 ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് പറഞ്ഞിരുന്നു. രണ്ട് മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും മൊഴിടയങ്ങിയ കുറ്റപത്രത്തില്‍ പി ജയരാജനുള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി ജയരാജന് കിടന്ന മുറിക്കുള്ളില്‍ വച്ചും പുറത്തുവച്ചും ഗൂഢാലോചന നടത്തിയതായി സി ബി ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു.
Content Highlights: The Ariyil Shukkoor murder case in Kerala underwent scrutiny by two distinct investigating agencies. Both the state police and central investigators filed separate chargesheets in connection with the crime. This dual-agency probe remains a significant chapter in Kannur’s political and legal history.


