Kerala
സാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ മുന്‍ ഡി സി സി അംഗത്തിന് വന്‍ ഗുണ്ടാ ബന്ധങ്ങളെന്ന് പോലീസ്
ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം മറയാക്കി സുഹൈല്‍ ക്വട്ടേഷന്‍ ഇടപാടുകള്‍ നടത്തിയതായും കരാറുകള്‍ പിടിക്കാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം | സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ഡി സി സി അംഗം സുഹൈല്‍ ഷാജഹാന് വന്‍ ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന് പോലീസ് റിപോര്‍ട്ട്. സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിനിടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൈലിന്റെ ഫോണുകള്‍ പരിശോധിച്ചതില്‍ ഇയാള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പ്രാഥമിക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയില്‍ ‘തൂഫാന്’ എന്ന പേരില്‍ ഗുണ്ടകളെ സംഘടിപ്പിച്ച് സുഹൈല്‍ യോഗം ചേര്‍ന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടില്‍ പറയുന്നു. ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം മറയാക്കി സുഹൈല്‍ ക്വട്ടേഷന്‍ ഇടപാടുകള്‍ നടത്തിയതായും കരാറുകള്‍ പിടിക്കാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2022ലെ എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ ഗൂഢാലോചനയിലും സുഹൈല്‍ പ്രതിയാണ്. കൂടാതെ പുത്തന്‍വേലിക്കര, ആറ്റിങ്ങല്‍, കണ്ണൂര്‍ ടൗണ്‍, പോത്തന്‍കോട്, എറണാകുളം സൗത്ത്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ട്. എം പി ബോര്‍ഡ് വെച്ച വാഹനത്തില്‍ രാത്രികാലങ്ങളില്‍ സഞ്ചരിച്ചും പ്രമുഖ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചും തട്ടിപ്പുകള്‍ക്ക് വിശ്വാസ്യത നേടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.
അതേസമയം, ആശുപത്രിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ സുഹൈല്‍ ഷാജഹാന് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായില്ല. കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് ആശുപത്രിയില്‍ ജോലി വാങ്ങിനല്‍കി അവിടെനിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു നീക്കമെന്നാണ് പോലീസിന്റെ സംശയം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ഇപ്പോള്‍ ഒളിവിലാണ്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷന് സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി സുഹൈലിനൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ റോബിന് ക്രിസ്റ്റഫറും ഒളിവിലാണ്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സുഹൈലിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം.
Content Highlights: Kerala Police uncovered extensive gangster connections linked to a former DCC member arrested in a financial fraud case. Investigators are probing the accused’s financial transactions and criminal network. Further arrests are expected as the police expand their inquiry into the scam.

