Connect with us

Kerala

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 22ന്; 12.92 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.

Published

|

Last Updated

തിരുവനന്തപുരം | ഭാരതത്തെ പോളിയോ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഈ മാസം 22ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നടക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും 22ന് തന്നെ അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ പ്രതിരോധ മരുന്ന് സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ തുള്ളിമരുന്ന് നല്‍കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 12,92,421 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 13,453 ബൂത്തുകള്‍ സജ്ജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 26,906 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണ്‍വാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും. സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് 373 ട്രാന്‍സിറ്റ് ബൂത്തുകള്‍, 149 മൊബൈല്‍ ബൂത്തുകള്‍, ഏഴ് ഉത്സവ/മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും.

റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ഈ മാസം 23, 24 തിയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ ആശാ, അങ്കണ്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വളണ്ടിയര്‍മാര്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ മുരളീധരന്‍ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ 22ന് രാവിലെ എട്ടിന് നിര്‍വഹിക്കും. മേയര്‍ വി വി രാജേഷ് അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂര്‍ എം പി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

Content Highlights:The Kerala Health Department has scheduled the statewide Pulse Polio Immunization drive for November 22. During this campaign, oral polio drops will be administered to 12.92 lakh children under the age of five. Special vaccination booths will be set up across the state to ensure complete coverage.

 

Latest