Kerala
മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കം; നിലപാട് കടുപ്പിച്ച് വിവിധ ഗ്രൂപ്പുകള്‍
പാര്‍ട്ടിയില്‍ ഇനി ചര്‍ച്ചകളില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളില്‍ നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെ വിവിധ ഗ്രൂപ്പുകള്‍. ചര്‍ച്ചയില്ലാതെ തീരുമാനമെടുക്കുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശനെ മന്ത്രിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. പാര്‍ട്ടിയില്‍ ഇനി ചര്‍ച്ചകളില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ട് പോകാന്‍ കെ സി വേണുഗോപാല്‍ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് നിയമനങ്ങളിലും പി എസ് സിയിലും ദേവസ്വം ബോര്‍ഡിലും അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ സി പക്ഷം തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിനും കടുത്ത അമര്‍ഷമുണ്ട്. ബോര്‍ഡ്-കോര്പറേഷന് ചര്‍ച്ചകളില്‍ പ്രാതിനിധ്യമില്ലാത്തതിലും പി എസ് സി, ദേവസ്വം നിയമനങ്ങളില്‍ തഴയപ്പെടുന്നതിലും ഇവര്‍ അതൃപ്തിയിലാണ്. ഈ സാഹചര്യത്തില്‍ താഴെ തട്ടില്‍ യോഗങ്ങള്‍ വിളിച്ച് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി അനുകൂലികള്‍. ഘടകകക്ഷികള്‍ക്കും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട്. കെ പി സി സി അധ്യക്ഷന്‍ ദുര്‍ബലനാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ, അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിയിലും ഭരണത്തിലും ശക്തമായി ഇടപെടാനാണ് സണ്ണി ജോസഫിന്റെയും തീരുമാനം. താന്‍ അധ്യക്ഷനാണെങ്കില്‍ എല്ലാം താന്‍ അറിഞ്ഞിരിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ സണ്ണി ജോസഫ് തറപ്പിച്ചു പറഞ്ഞതും ശ്രദ്ധേയമായി.
മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം ശക്തമായ സന്ദേശമാണെന്ന് വി ഡി സതീശന് വിരുദ്ധ ചേരികള്‍ വിലയിരുത്തുന്നു. ഇനി എഴുതിത്തന്നാല്‍ ഒപ്പിടില്ലെന്നും ചര്‍ച്ചകളില്ലാതെ ഒരു തീരുമാനവും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലുമാണ് വി ഡി വിരുദ്ധ വിഭാഗം. എന്നാല്‍, തര്‍ക്കമുണ്ടായെങ്കിലും പി എസ് സി പട്ടികയില്‍ മുഖ്യമന്ത്രി കണക്ക് കൂട്ടിയിടത്ത് കാര്യങ്ങള്‍ എത്തിയെന്ന വിലയിരുത്തലിലാണ് വി ഡി പക്ഷമുള്ളത്. മന്ത്രിസഭയിലേത് പോലെ പുറത്തും പൂര്‍ണമായും മുഖ്യമന്ത്രിയെ ശരിവെക്കുകയാണ് കെ മുരളീധരന് ചെയ്തത്. തര്‍ക്കങ്ങളുണ്ടാക്കി സര്‍ക്കാറിന്റെ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നുവെന്ന വിമര്‍ശനമാണ് വി ഡി പക്ഷത്തിന്റേത്. പുതിയ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എതിര് നീക്കത്തിന് ശക്തി ചോരുമെന്ന കണക്കുകൂട്ടലുമുണ്ട്.
Content Highlights: Different factions within the Kerala Congress have hardened their stance against the Chief Minister. Political observers note that internal groups are mobilizing to intensify opposition strategies. The development highlights growing political friction within the state.




