Connect with us

Kerala

വടശ്ശേരിക്കരയിലെ കാട്ടാനക്കൂട്ടം: അടിയന്തര ഇടപെടലുമായി വനംവകുപ്പ് മന്ത്രി

മൂന്ന് മണിക്കുള്ളില്‍ തന്നെ യോഗം വിളിച്ച മന്ത്രി യോഗതീരുമാനങ്ങള്‍ ഉടനടി നടപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

പത്തനംതിട്ട| വടശ്ശേരിക്കര ടൗണില്‍ കാട്ടാനക്കൂട്ടം ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച സാഹചര്യത്തില്‍, മിനിറ്റുകള്‍ക്കുള്ളില്‍ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ച് വനം വകുപ്പ് മന്ത്രി ശിബു ബേബി ജോണിന്റെ അതിവേഗ ഇടപെടല്‍. കാട്ടാന ഇറങ്ങിയ വാര്‍ത്ത ഉച്ചയോടെയാണ് പുറത്തു വന്നത്. മൂന്ന് മണിക്കുള്ളില്‍ തന്നെ യോഗം വിളിച്ച മന്ത്രി യോഗതീരുമാനങ്ങള്‍ ഉടനടി നടപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

ആട്ടക്കുഴിയിലെ തോട്ടങ്ങളില്‍ സ്ഥാപിച്ച ഫെന്‍സിങ്ങിന്റെ ഭാഗങ്ങള്‍ ഉടന്‍തന്നെ ഭാഗികമായി നീക്കം ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു. വടശ്ശേരിക്കര പ്രദേശത്ത് അടിയന്തരമായി കൂടുതല്‍ വനംവകുപ്പ് ഫീല്‍ഡ് സ്റ്റാഫിനെ നിയോഗിക്കുകയും, കാട്ടാനകളെ സുരക്ഷിതമായി തുരത്തുന്നതില്‍ പ്രാവീണ്യവും പരിചയസമ്പത്തുമുള്ള പ്രദേശവാസികളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്യും. കൂടാതെ, മറ്റ് പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (RRT) സംഘങ്ങളെ അടിയന്തരമായി വടശ്ശേരിക്കരയിലേക്ക് നിയോഗിക്കാനും തീരുമാനമായി.

പ്രദേശവാസികളുടെയും ശബരിമല തീര്‍ത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കാട്ടാനകളെ ആകര്‍ഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, ദുരന്തനിവാരണ നിയമപ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ച് പ്രദേശത്തെ പൈനാപ്പിള്‍ കൃഷി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.

ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണി, റാന്നി എം എല്‍ എ പഴകുളം മധു, വനംവകുപ്പ് സെക്രട്ടറി കെ ബിജു, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ പി പുകഴന്തി, സതേണ്‍ സര്‍ക്കിള്‍ സി സി എഫ് കാര്‍ത്തികേയന്‍, റാന്നി ഡി എഫ് ഒ അരുള്‍ സെല്‍വന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Following wild elephant intrusion in Vadasserikkara town, the Forest Minister convened an urgent meeting within three hours. Decisions include deploying extra RRT teams, police, and local trackers, plus partial fencing removal at Attakkuzhi. The Collector will restrict pineapple farming under disaster laws.

Latest