First Gear
വാഹന ഉടമകൾക്ക് വൻ ആശ്വാസം; പുതിയ കാറുകളുടെ പുക പരിശോധന കാലാവധി മൂന്ന് വർഷമായി നീട്ടി കേന്ദ്ര സർക്കാർ
ആറ് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ വർഷത്തിലൊരിക്കൽ പിയുസി സർട്ടിഫിക്കറ്റ് പുതുക്കണം
ന്യൂഡൽഹി | വാഹനങ്ങളുടെ പൊലൂഷൻ അണ്ടർ കൺട്രോൾ (Pollution Under Control – PUC Certificate) സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള കാലാവധിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ് നവംബർ 13-ന് ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തത്. വാഹനങ്ങളുടെ പഴക്കവും ഉപയോഗ ലക്ഷ്യവും അടിസ്ഥാനമാക്കിയാണ് പുതുക്കിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം ആറ് വർഷത്തിൽ താഴെ പഴക്കമുള്ള ബി എസ് 6 വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയാകും.
ആറ് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ വർഷത്തിലൊരിക്കൽ പിയുസി സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. എന്നാൽ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിലവിലുള്ളതുപോലെ ഓരോ ആറ് മാസത്തിലും സർട്ടിഫിക്കറ്റ് പുതുക്കണമെന്ന നിബന്ധന തുടരും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ കാര്യത്തിലും പുതിയ നിയമത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ആറ് വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ പിയുസി സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതി. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം.

നിലവിൽ ഇന്ത്യയിൽ വിൽക്കപ്പെടുന്നതും രജിസ്റ്റർ ചെയ്യുന്നതുമായ ഭൂരിഭാഗം പുതിയ വാഹനങ്ങളും ബി എസ് 6 എമിഷൻ മാനദണ്ഡങ്ങൾക്ക് കീഴിലാണ് വരുന്നത്. ഇവ ഡീസൽ-നൈട്രജൻ പുറന്തള്ളൽ 68 ശതമാനത്തോളം കുറയ്ക്കുകയും ശുദ്ധമായ 10 പി പി എം സൾഫർ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നവയാണ്. നിങ്ങളുടെ വാഹനം ബി എസ് 6 വിഭാഗത്തിലാണോ എന്ന് അറിയുന്നതിനായി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ എമിഷൻ നോംസ് അല്ലെങ്കിൽ നോംസ് ടൈപ്പ് പരിശോധിക്കാവുന്നതാണ്. പരിവാഹൻ വാഹൻ പോർട്ടലിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകിയും ഇത് പരിശോധിക്കാം.
അതേസമയം പഴയ ബി എസ് 1, ബി എസ് 2, ബി എസ് 3 എമിഷൻ മാനദണ്ഡങ്ങൾക്ക് കീഴിൽ വരുന്ന വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റ് കാലാവധി മൂന്ന് മാസമായി തന്നെ തുടരും. ബി എസ് 4 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ആറ് മാസമാണ് സർട്ടിഫിക്കറ്റ് കാലാവധി.
സർട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് പുതുക്കുകയാണെങ്കിൽ നിലവിലെ കാലാവധി തീരുന്ന തീയതി മുതൽ പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യമുണ്ടാകും. കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ പുതുക്കുന്ന തീയതി മുതലായിരിക്കും പ്രാബല്യം. ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർട്ടിഫിക്കറ്റ് പുതുക്കിയ വാഹനങ്ങൾക്ക്, പുതിയ നിയമം വന്നതിന് ശേഷം ആദ്യമായി പുതുക്കുന്ന സമയം മുതലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
1988-ലെ മോട്ടോർ വാഹന നിയമത്തിന് കീഴിലുള്ള സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (പതിനാറാം ഭേദഗതി) റൂൾസ് 2026 വഴിയാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്.
Content Highlights
The Central Government has extended the PUC certificate validity for private BS-VI vehicles under six years old to three years. Vehicles aged six to ten years require annual renewal, while cars older than ten years need renewal every six months. Older BS-I to BS-III vehicles retain a three-month validity period under the revised 2026 rules.




