Kerala
കേരളത്തില്‍ ആദ്യത്തെ സംസ്ഥാന പാഡല്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 19, 20 തിയ്യതികളില്‍ കൊച്ചിയില്‍
ടെന്നീസിന്റെയും സ്ക്വാഷിന്റെയും സവിശേഷതകള്‍ സമന്വയിപ്പിച്ച റാക്കറ്റ് കായിക ഇനമാണ് പാഡല്‍.
കേരള പാഡല്‍ അസോസിയേഷന്റെ പ്രഥമ കേരള സംസ്ഥാന പാഡല്‍ ചാമ്പ്യന്‍ഷിപ്പ് ബ്രോഷര്‍ കേരള പാഡല്‍ അസോസിയേഷന് പ്രസിഡന്റ് രാജീവ് നായര്‍ അനാഛാദനം ചെയ്യുന്നു. സെക്രട്ടറി ഷിനു ഗോപാല്‍, ട്രഷറര്‍ വി എ ജോസ്, ജില്ലാ സെക്രട്ടറി പൗലോസ് ദീപക്ക്, ജോ. സെക്രട്ടറി സരീക്ക ജോണ്‍ എന്നിവര്‍ സമീപം
കൊച്ചി|കേരള പാഡല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രഥമ കേരള സംസ്ഥാന പാഡല്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 19, 20 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷിനു ഗോപാല്‍ അറിയിച്ചു. ടൂര്‍ണമെന്റി്ന്റെ ബ്രോഷര്‍ കേരള പാഡല്‍ അസോസിയേഷന് പ്രസിഡന്റ് രാജീവ് നായര്‍ അനാഛാദനം ചെയ്തു. കടവന്ത്ര ജവഹര്‍ നഗറിലെ സ്പേസ് ഹാഷ് പാഡല്‍ സെന്ററാണ് വേദി. കേരളത്തില്‍ പാഡല്‍ കായികരംഗത്തിന് സംഘടിതമായ വളര്‍ച്ചയും പ്രചാരണവും ലക്ഷ്യമിട്ട് പുതുതായി രൂപീകരിച്ച കേരള പാഡല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ആദ്യ പാഡല്‍ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനൊപ്പം താരങ്ങള്‍ക്ക് റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ടൂര്‍ണമെന്റ് വഴിയൊരുക്കും.
യുവജനങ്ങളെയും കായികപ്രേമികളെയും പാഡല്‍ കായികരംഗത്തേക്ക് ആകര്‍ഷിക്കുക, പരിശീലന സൗകര്യങ്ങളും ക്ലബ്ബുകളും പ്രോത്സാഹിപ്പിക്കുക, മികച്ച താരങ്ങളെ കണ്ടെത്തി ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള പാഡല്‍ അസോസിയേഷന് രൂപീകരിച്ചിരിക്കുന്നത്.
ടെന്നീസിന്റെയും സ്ക്വാഷിന്റെയും സവിശേഷതകള്‍ സമന്വയിപ്പിച്ച റാക്കറ്റ് കായിക ഇനമാണ് പാഡല്‍. സാധാരണയായി അടച്ചിട്ട കോര്‍ട്ടില്‍ രണ്ട് പേര് വീതമുള്ള ടീമുകളായാണ് മത്സരം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പ്രചാരം നേടുന്ന ഈ കായിക ഇനം കേരളത്തിലും ജനകീയമാക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം.
പ്രഥമ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഓപ്പണ്‍ ഡബിള്‍സ്, വനിതാ ഓപ്പണ്‍ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, പുരുഷന്മാരുടെ 45 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സ്, വനിതകളുടെ 45 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ജൂനിയര്‍ വിഭാഗത്തില്‍ 12, 14, 16, 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡബിള്‍സ് മത്സരങ്ങളും ഉണ്ടായിരിക്കും. ടൂര്‍ണമെന്റ് ചട്ടങ്ങള്‍ക്കനുസരിച്ച് എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ വിഭാഗം എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കേരള സംസ്ഥാന പാഡല്‍ താര റാങ്കിങ്, സീഡിങ് സംവിധാനം എന്നിവയ്ക്ക് തുടക്കം കുറിക്കുകയെന്നതാണ്. വിവിധ ടൂര്‍ണമെന്റുകളിലെ പങ്കാളിത്തവും പ്രകടനവും അടിസ്ഥാനമാക്കി താരങ്ങള്‍ക്ക് റാങ്കിങ് പോയിന്റുകള്‍ ലഭിക്കും. ഭാവിയില്‍ സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും ഈ സംവിധാനം സഹായകമാകും. റാങ്കിംഗ് പോയിന്റുകള്‍ ദേശീയ തലത്തിലും ചേര്‍ക്കപ്പെടും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കുറഞ്ഞത് ആറുമാസമായി കേരളത്തില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഒരു ടീമിന് 4,000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. രജിസ്ട്രേഷന് അവസാന തിയ്യതി ഡിസംബര്‍ 10 ആണ്.
ദേശീയ തലത്തില്‍ പാഡല്‍ കായികരംഗത്തിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് പാര്‍ത്ത് സജ്ജന്‍ ജിന്‍ഡാല്‍, ജനറല്‍ സെക്രട്ടറി മനീഷ മല്‍ഹോത്ര എന്നിവരാണുള്ളത്. ഹൈബി ഈഡന് എം പിയാണ് കേരള പാഡല്‍ അസോസിയേഷന്റെ രക്ഷാധികാരി. രാജീവ് നായര്‍ പ്രസിഡന്റും വര്‍ഗീസ് ജോര്‍ജ് വൈസ് പ്രസിഡന്റും ഷിനു ഗോപാല്‍ സെക്രട്ടറിയും ആന്റി ടി ജെ ജോയിന്റ് സെക്രട്ടറിയും ജോസ് വി എ ട്രഷററുമാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജഗന് എബ്രഹാം എം ജോര്‍ജ്, അരുണ്‍ സേവ്യര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.
എറണാകുളം ജില്ലാ പാഡല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റ് ഡയറക്ടറായി ജില്ലാ അസോസിയേഷന് സെക്രട്ടറി പൗലോസ് ദീപക്കും ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍പേഴ്സണായി ജോയിന്റ് സെക്രട്ടറി സരീക്ക ജോണും ടൂര്‍ണമെന്റ് കണ്‍വീനറായി വൈസ് പ്രസിഡന്റ് സോണി മാത്യൂസും പ്രവര്‍ത്തിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapadelaossciation.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ admin@keralapadelaossciation.com എന്ന ഇ-മെയില്‍ വിലാസത്തിലോ സംസ്ഥാന സെക്രട്ടറി ഷിനു ഗോപാല്‍ 9020116947, പൗലോസ് ദീപക് 8921407581, സരീക്ക ജോണ്‍ 9745999800 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള പാഡല്‍ അസോസിയേഷന് (കെ പി എ) പ്രസിഡന്റ് രാജീവ് നായര്‍, സെക്രട്ടറി ഷിനു ഗോപാല്‍, ട്രഷറര്‍ വി എ ജോസ്, ജില്ലാ സെക്രട്ടറി പൗലോസ് ദീപക്ക്, ജോ. സെക്രട്ടറി സരീക്ക ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: The inaugural Kerala State Padel Championship will take place in Kochi on December 19 and 20 at Space Hash Padel Centre. Organized by the Kerala Padel Association, the event features open, senior, and junior doubles categories. It will also launch the state’s official player ranking system.







