Connect with us

Aksharam Education

അന്നം തന്നെ ഔഷധം

വളരുന്ന പ്രായത്തിൽ നാം തിരഞ്ഞെടുക്കുന്ന ഓരോ ഭക്ഷണശീലവും നാളത്തെ നമ്മുടെ ആരോഗ്യത്തിന്റെ അടിത്തറയാണ്.

Published

|

Last Updated

ഭക്ഷണത്തെ ഏറെ പവിത്രമായി കണ്ടിരുന്ന തലമുറയായിരുന്നു നമ്മുടേത്. എന്നാൽ, ഇന്ന് രുചിയുടെ പിന്നാലെയാണ് മനുഷ്യൻ. തീൻമേശകളിൽ പോഷക സമൃദ്ധമായ വിഭവങ്ങൾക്ക് പകരം രുചിയെ മാത്രം അവലംബമാക്കിയാണ് പലപ്പോഴും വിഭവങ്ങൾ നിറയുന്നത്. വളരുന്ന പ്രായത്തിൽ നല്ല ആരോഗ്യവും ഉന്മേഷവും ബുദ്ധിശക്തിയും നേടാൻ നമുക്ക് വേണ്ടത് വിലകൂടിയ മരുന്നുകളല്ല, പ്രകൃതി നൽകുന്ന പോഷകസമൃദ്ധമായ ആഹാരമാണ്. പ്രകൃതി മനുഷ്യന് നൽകിയ ഏറ്റവും വലിയ വരദാനമാണ് ജീവൻ.

ആ ജീവനെ തളരാതെ മുന്നോട്ട് നയിക്കുന്ന അമൃതമാണ് ആഹാരം. “ഭക്ഷണം നന്നായാൽ മനസ്സും നന്നാകും’ എന്നാണ് പഴമക്കാർ പറയാറുള്ളത്. വളരുന്ന പ്രായത്തിൽ നാം തിരഞ്ഞെടുക്കുന്ന ഓരോ ഭക്ഷണശീലവും നാളത്തെ നമ്മുടെ ആരോഗ്യത്തിന്റെ അടിത്തറ കൂടിയാണെന്ന് ഓർക്കണം. വെറുതെ വയറു നിറയ്ക്കാൻ വേണ്ടി എന്തെങ്കിലും കഴിക്കുന്നതല്ല, മറിച്ച് ശരീരത്തിന് ഗുണകരമായ പോഷകാഹാരം കഴിക്കുന്നതാണ് യഥാർഥ ആരോഗ്യത്തിന്റെ രഹസ്യം. അതുകൊണ്ടാണ് ആഹാരം തന്നെ ഔഷധം എന്ന് പഴമാക്കാർ പറയുന്നത്. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വികാസത്തിന് പോഷക സമൃദ്ധമായ ആഹാരം അനിവാര്യമാണ്.

സമീകൃതാഹാരത്തിന്റെ പ്രാധാന്യം

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും ശരിയായ അളവിൽ അടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം. ഇവ പ്രധാനമായും അഞ്ച് വിഭാഗങ്ങളാണ്.

ധാന്യകങ്ങൾ: ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം നൽകുന്നു. അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

മാംസ്യം: ശരീരത്തിന്റെ വളർച്ചക്കും കോശങ്ങളുടെ നിർമാണത്തിനും ഇവ സഹായിക്കുന്നു. പയറുവർഗങ്ങൾ, പാൽ, മുട്ട, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ ഉറവിടങ്ങളാണ്.

കൊഴുപ്പ്: ഊർജം സംഭരിച്ചുവെക്കാനും ശരീരതാപം നിലനിർത്താനും കൊഴുപ്പ് സഹായിക്കുന്നു. എണ്ണ, നെയ്യ്, അണ്ടിപ്പരിപ്പുകൾ എന്നിവയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

ജീവകങ്ങളും ധാതുക്കളും: രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരപ്രവർത്തനങ്ങൾ സുഗമമാക്കാനും ജീവകങ്ങളും ധാതുക്കളും ആവശ്യമാണ്. പച്ചക്കറികളിലും പഴവർഗങ്ങളിലും ഇവ സമൃദ്ധമായി കാണപ്പെടുന്നുണ്ട്.

ജലവും നാരുകളും: ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുന്നതും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.

കാർബോഹൈഡ്രേറ്റ്

ശരീരത്തിന് ആവശ്യമായ പ്രാഥമിക ഊർജം നൽകുന്ന പ്രധാന മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് കാർബോഹൈഡ്രേറ്റ്. കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസ് ആയി വിഘടിച്ച് കോശങ്ങൾക്കും മസ്തിഷ്കത്തിനും ആവശ്യമായ ഊർജം നൽകുന്നു. ആവശ്യമുള്ളതിന് ശേഷമുള്ള ഗ്ലൂക്കോസ് കരളിലും പേശികളിലും ഗ്ലൈക്കോജൻ ആയി സംഭരിച്ചു വെക്കുന്നു. കാർബോഹൈഡ്രേറ്റ് പ്രധാനമായും മൂന്ന് തരമാണ്
പഞ്ചസാര: പഴങ്ങൾ, പാൽ, മധുരപലഹാരങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലളിതവും വേഗത്തിൽ ദഹിക്കുന്നതുമായ രൂപം.

അന്നജം: അരി, ഗോതമ്പ്, റൊട്ടി, പാസ്ത, ഉരുളക്കിഴങ്ങ്, പരിപ്പ് വർഗങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഘടകം.

നാരുകൾ: പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന, ദഹിക്കാത്ത ഘടകം. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്

ഊർജം ലഭിക്കാൻ: നടക്കാനും ഓടാനും കളിക്കാനും പഠിക്കാനും നമുക്ക് ഊർജം ആവശ്യമാണ്. അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് നമുക്ക് പ്രധാനമായും ഊർജം നൽകുന്നത്.

ശരീരവളർച്ചക്കും വികാസത്തിനും: കുട്ടികൾ വളരുന്നതിനും പുതിയ കോശങ്ങൾ നിർമിക്കുന്നതിനും ഭക്ഷണം ആവശ്യമാണ്. ഇതിന് മാംസ്യം അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു.

കേടുപാടുകൾ തീർക്കാൻ: ശരീരത്തിനുണ്ടാകുന്ന മുറിവുകൾ ഉണങ്ങാനും തേയ്മാനം സംഭവിച്ച കോശങ്ങളെ പുതുക്കാനുമെല്ലാം ഭക്ഷണത്തിലെ പോഷകങ്ങൾ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി ലഭിക്കാൻ: രോഗാണുക്കളെ ചെറുക്കാനും ആരോഗ്യത്തോടെ ഇരിക്കാനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം വേണം. പഴങ്ങളും പച്ചക്കറികളുമാണ് ഇതിന് സഹായിക്കുന്നത്.
ശരീരപ്രവർത്തനങ്ങൾ സുഗമമാക്കാൻ: ശ്വസനം, രക്തചംക്രമണം, ദഹനം തുടങ്ങിയ ആന്തരിക പ്രവർത്തനങ്ങളെല്ലാം കൃത്യമായി നടക്കാൻ ഭക്ഷണവും വെള്ളവും ആവശ്യമാണ്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

ഇന്നത്തെ കാലത്ത് കുട്ടികൾക്കിടയിൽ ജങ്ക് ഫുഡുകളുടെയും ബേക്കറി പലഹാരങ്ങളുടെയും ഉപയോഗം വർധിച്ചു വരികയാണ്. കൃത്രിമ നിറങ്ങളും അമിതമായ പഞ്ചസാരയും എണ്ണയും അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ പൊണ്ണത്തടി, ദഹനക്കേട്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവക്ക് കാരണമാകുന്നു.

ഇതിന് പകരമായി വീട്ടിലുണ്ടാക്കുന്ന നാടൻ വിഭവങ്ങൾ, ഇലക്കറികൾ, പഴങ്ങൾ, ചെറുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂട്ടത്തിൽ പറയട്ടെ നല്ല ആരോഗ്യമുണ്ടെങ്കിലേ നല്ല മനസ്സും മികച്ച പഠനവും സാധ്യമാകൂ. രുചിയേക്കാൾ ഉപരിയായി ഭക്ഷണത്തിന്റെ ഗുണത്തിനും പോഷകമൂല്യത്തിനും പ്രാധാന്യം നൽകാൻ നാം ശീലിക്കണം. നന്നായി പഠിക്കാൻ അത് അത്യന്താപേക്ഷിതമാണ്.

Content Highlights: A balanced diet with carbohydrates, proteins, vitamins, fiber, and water supports growth, immunity, and learning. Avoiding junk food helps prevent obesity and digestive issues. Prioritizing nutrition over taste builds lifelong health.

Latest