Connect with us

Kerala

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് ആശ്വാസം; അപകടഭീഷണിയായി നിലനിന്ന ജലസംഭരണി ഒടുവില്‍ പൊളിച്ചുനീക്കി

ഇതോടെ ഏറെനാളായി നിലനിന്നിരുന്ന സുരക്ഷാഭീഷണിക്ക് പരിഹാരമായി.

Published

|

Last Updated

നീലേശ്വരം| നീലേശ്വരം താലൂക്ക് ആശുപത്രി വളപ്പില്‍ ഏറെക്കാലമായി അപകടഭീഷണി ഉയര്‍ത്തി നിലനിന്നിരുന്ന പഴയ ജലസംഭരണി ഒടുവില്‍ പൊളിച്ചുനീക്കി. ആശുപത്രി കെട്ടിടത്തിനും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി മാറിയിരുന്ന ജലസംഭരണിയാണ് ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച പൂര്‍ണമായും പൊളിച്ചുമാറ്റിയത്. ഇതോടെ ഏറെനാളായി നിലനിന്നിരുന്ന സുരക്ഷാഭീഷണിക്ക് പരിഹാരമായി.

കാലപ്പഴക്കത്തെ തുടര്‍ന്ന് ജലസംഭരണിയുടെ കമ്പികള്‍ ദ്രവിക്കുകയും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്തായാണ് അപകടാവസ്ഥയിലായിരുന്ന സംഭരണി നിലനിന്നിരുന്നത്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് തുടര്‍ന്നതോടെ ഏതു നിമിഷവും വലിയ അപകടമുണ്ടാകാമെന്ന ആശങ്കയും ശക്തമായിരുന്നു.
അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ ജലസംഭരണിയുടെ അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് പൊളിച്ചുനീക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടി നീണ്ടുപോവുകയായിരുന്നു.

അപകടാവസ്ഥയിലുള്ള ജലസംഭരണി പൊളിച്ചുമാറ്റുന്നതിനായി നഗരസഭ പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിട്ടും ജല അതോറിറ്റി സ്ഥലം ഏറ്റെടുക്കുന്നതിനോ പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനോ തയ്യാറായില്ലെന്നാണ് ആക്ഷേപം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും നിര്‍മിതികളും അടിയന്തരമായി പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ആശുപത്രിയിലെ ജലസംഭരണിയുടെ കാര്യത്തില്‍ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കി.

ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതിയിലും വിഷയം നഗരസഭ അധികൃതരും പൊതു പ്രവര്‍ത്തകരും പലതവണ ചര്‍ച്ചയാക്കി. എന്നാല്‍ ചര്‍ച്ചകള്‍ ആവര്‍ത്തിച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതോടെയാണ് വിഷയം പൊതുപ്രവര്‍ത്തകനായ സുരേഷ് പുതിയേടത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ജല അതോറിറ്റി പൊളിച്ചുനീക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഴ്ച പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കി.

അതേസമയം, പഴയ ജലസംഭരണി പൊളിച്ചുനീക്കിയെങ്കിലും പുതിയ സംഭരണിയുടെ നിര്‍മാണത്തിനായി സ്ഥലം കണ്ടെത്തുന്നതില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. മറ്റൊരു സ്ഥലം അനുവദിക്കാന്‍ നഗരസഭ തയ്യാറായിരുന്നെങ്കിലും ആശുപത്രി വളപ്പില്‍ത്തന്നെ സ്ഥലം വേണമെന്ന നിലപാടാണ് ജല അതോറിറ്റി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രി വളപ്പില്‍ പുതിയ ജലസംഭരണി നിര്‍മിക്കുന്നതിന് നഗരസഭ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

150-ലേറെ ഗാര്‍ഹിക ഉപഭോക്താക്കളും നാല് ഗാര്‍ഹികേതര ഉപഭോക്താക്കളുമുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. പദ്ധതിയുടെ ആവശ്യകത പരിഗണിച്ചാണ് ആശുപത്രി വളപ്പില്‍ത്തന്നെ പുതിയ സംഭരണി നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കാന്‍ നഗരസഭ തയ്യാറായതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി പി മുഹമ്മദ് റാഫി പറഞ്ഞു.

പഴയ ജലസംഭരണി പൊളിച്ചുനീക്കിയതോടെ ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമായെങ്കിലും പുതിയ സംഭരണിയുടെ നിര്‍മാണം എത്രയും വേഗം ആരംഭിച്ച് കുടിവെള്ള വിതരണവും കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Content Highlights: Kerala Water Authority demolished the dilapidated water tank posing a grave safety hazard near the casualty ward at Nileshwaram Taluk Hospital. Action followed a complaint to the Chief Minister’s grievance cell. Nileshwaram Municipality approved land inside the campus to construct a new tank soon.

Latest