Ongoing News
റിയാദിലേക്ക് തൊടുത്തുവിട്ട ഹൂതി മിസൈൽ സഖ്യസേന തകർത്തു; അവശിഷ്ടങ്ങൾ വീണ് നാശനഷ്ടം
തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ ചിലയിടങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു.
റിയാദ്|സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന ആകാശത്തുവെച്ച് തന്നെ തടഞ്ഞു നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണ ശ്രമത്തെയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമ പ്രതിരോധ വിഭാഗം വിജയകരമായി പരാജയപ്പെടുത്തിയത്. തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ ചിലയിടങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു.പുലർച്ചെ 4.42-ഓടെ വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് സഊദി സിവിൽ ഡിഫൻസ് മൊബൈൽ ഫോണുകളിലൂടെ ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തൊട്ടുപിന്നാലെ നഗരത്തിൽ ഉഗ്രമായ സ്ഫോടനശബ്ദം കേട്ടെങ്കിലും മിനിറ്റുകൾക്കകം ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി അധികൃതർ വിലയിരുത്തി വരികയാണ്.
ആക്രമണ ശ്രമത്തിന് പിന്നാലെ, യെമനിലെ ദമാർ, സഅദ പ്രവിശ്യകളിൽ ഹൂതികൾ സജ്ജമാക്കിയിരുന്ന രണ്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറകൾ സഖ്യസേന വ്യോമാക്രമണത്തിലൂടെ തകർത്തു. കൂടാതെ സഊദിയുടെ തെക്കൻ മേഖലയിലേക്ക് തൊടുത്തുവിട്ട മറ്റ് നാല് ബാലിസ്റ്റിക് മിസൈലുകളും സഖ്യസേന നിർവീര്യമാക്കിയിട്ടുണ്ട്.
Content Highlights:Saudi-led coalition air defenses intercepted a Houthi ballistic missile aimed at Riyadh early Thursday, with falling debris causing material damage but no casualties. Authorities issued early morning Civil Defense alerts. In response, coalition airstrikes destroyed Houthi missile launchers in Yemen’s Dhamar and Saada provinces.
---- facebook comment plugin here -----



