Connect with us

National

അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ചു; ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം

റാലിക്ക് മുകളിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുള്‍ഡോസര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാര്‍ സിംഗ്

Published

|

Last Updated

ലക്‌നോ|ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബിജെപി നേതാവിന്റെ മകന്‍ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവര്‍ധന്‍ സിംഗ് (14) ആണ് മരിച്ചത്. പ്രാദേശിക ബി ജെ പി നേതാവായ ഓംകാര്‍ സിംഗിന്റെ മകനാണ് ആര്യവര്‍ധന്‍ സിംഗ്. സമാജ്വാദി പാര്‍ട്ടിയുടെ പി ഡി എ രഥയാത്രയ്ക്കിടെ കൂടാഘട്ട് മേഖലയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ അഖിലേഷ് യാദവിനെതിരെയും രഥ യാത്രയുടെ സംഘാടകര്‍ക്കെതിരെയും നരഹത്യക്കേസ് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

റോഡ് മുറിച്ചു കടക്കാന്‍ നിന്ന ആര്യ വര്‍ധനെ ബുള്‍ഡോസര്‍ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നു. പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുള്‍ഡോസര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാര്‍ സിംഗ് ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ആര്യവര്‍ധന്‍ ഡിവൈഡറില്‍ തലയിടിച്ച് വീണു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റു. പിന്നീട് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. സംഘാടകരുടെ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമെന്നും അഖിലേഷ് യാദവിനെതിരെയും പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്നും കുട്ടിയുടെ പിതാവ് ഓംകാര്‍ സിങ് ആവശ്യപ്പെട്ടു.

അതേസമയം, പുഷ്പവൃഷ്ടിയ്ക്കായി ബുള്‍ഡോസര്‍ ഏര്‍പ്പാടാക്കിയിരുന്നില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. ഇല്ലാത്ത കേസുകളുണ്ടാക്കുന്നത് ബിജെപിയുടെ സ്ഥിരം സ്വഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: A 14-year-old son of a BJP leader died after a bulldozer hit him during Akhilesh Yadav’s roadshow in Gorakhpur. The victim’s father and the BJP demanded a culpable homicide case against the SP chief and organizers. Akhilesh Yadav denied arranging the bulldozer and accused the BJP of fabricating cases.

 

 

---- facebook comment plugin here -----

Latest