Connect with us

International

സഊദി  കിരീടാവകാശിയും യുഎസ് സെൻട്രൽ കമാൻഡ് മേധാവിയും കൂടിക്കാഴ്ച നടത്തി

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഈ ഉന്നതതല സന്ദർശനം.

Published

|

Last Updated

റിയാദ്|സഊദി  അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ വെച്ച് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും വിശദമായി ചർച്ച ചെയ്തതായി സഊദി വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിരോധ നീക്കങ്ങളാണ് ഈ ചർച്ചയിൽ പ്രധാനമായും വിഷയമായത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഈ ഉന്നതതല സന്ദർശനം. സഊദി അറേബ്യൻ നഗരങ്ങൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ യെമനിലെ ഹൂത്തി വിമതർ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യവും ചർച്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ജൂലൈയിൽ മേഖലയിൽ സംഘർഷങ്ങൾ വീണ്ടും രൂക്ഷമായതിന് ശേഷം അഡ്മിറൽ ബ്രാഡ് കൂപ്പർ സഊദി അറേബ്യയിൽ നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്.

കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അഡ്മിറൽ ബ്രാഡ് കൂപ്പർ സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രത്യേക ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ സഊദി  പ്രതിരോധ മന്ത്രിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാദ് ബിൻ മുഹമ്മദ് അൽ-ഐബാൻ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയ്യാദ് ബിൻ ഹമദ് അൽ-റുവൈലി എന്നിവരും സംബന്ധിച്ചു.

Content Highlights: Crown Prince Mohammed bin Salman met US CENTCOM chief Admiral Brad Cooper in Riyadh. They discussed defense cooperation amid Strait of Hormuz tensions. Rising Houthi missile and drone threats added urgency to the talks.

Latest