Kerala
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; സി പി എം നേതാക്കളായ പി ജയരാജന്, ടി വി രാജേഷ് എന്നിവര്‍ കുറ്റവിമുക്തര്‍
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്തും കുറ്റവിമുക്തനായിട്ടുണ്ട്.
കൊച്ചി | എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളായ സി പി എം നേതാക്കളായ പി ജയരാജന്, ടി വി രാജേഷ് എന്നിവര്‍ കുറ്റക്കാരല്ലെന്നു കോടതി. ഇവര്‍ക്കെതിരായ ഗൂഢാലോച കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്തും കുറ്റവിമുക്തനായിട്ടുണ്ട്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒമ്പതാം പ്രതി മനോഹരന്, പത്താം പ്രതി ദിനേശന് എന്നിവരാണ് കുറ്റക്കാര്‍.
2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവന് കടവ് ചുള്ളിയോട് വയലില്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയില്‍ പ്രദേശത്ത് മുസ്ലിം ലീഗും സി പി എമ്മും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 20ന് രാവിലെ 11.30നുശേഷം പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പി ജയരാജനും കല്ല്യാശ്ശേരി എം എല്‍ എ ടി വി രാജേഷും. ഇവരുടെ വാഹനം അരിയില്‍ മുസ്ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു.
ഇതിനിടെ, കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ കാണിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയില്‍ ചെറുകുന്ന് മിഷന് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവന് കടവില്‍വെച്ച് സി പി എം പ്രവര്‍ത്തകര്‍ ഇവരെ പിന്തുടര്‍ന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അഭയം തേടിയപ്പോള്‍ തടഞ്ഞുവെച്ചുവെന്നുമാണ് കേസ്.
ഈ സമയത്ത് പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കീഴറയില്നിന്നുള്ള സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലെ നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയശേഷമാണ് ഷുക്കൂറിനെ വയലില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് സി ബി ഐയുടെ കുറ്റപത്രം. ഷുക്കൂറിനൊപ്പം അവസാനംവരെ ഉണ്ടായിരുന്ന സക്കരിയയ്ക്ക് മാരകമായി വെട്ടേറ്റെങ്കിലും രക്ഷപ്പെട്ടു. കണ്ണപുരം പോലീസ് രക്ഷപ്പെടുത്തി ചെറുകുന്ന് മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പി വി അയ്യൂബ്, ഹാരിസ് എം കെ, പി അബ്ദുല്‍ സലാം എന്നിവരും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.
അരിയില്‍ ഷുക്കൂറിന്റെ മാതാവ് നല്കിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സി ഐ യു പ്രേമനായിരുന്നു അന്വേഷണ ചുമതല. പിന്നീട് 2016 ഫെബ്രുവരിയില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഷുക്കൂറിന്റെ മാതാവ് പി ആത്തിക്ക നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സി ബി ഐക്ക് കൈമാറിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്.
Content Highlights: The Ernakulam Special CBI Court acquitted CPM leaders P Jayarajan and TV Rajesh in the Ariyil Shukoor murder case. The court ruled that the prosecution failed to prove the conspiracy charges against them. The verdict brings a major development in the long-standing political murder case from Kannur.



