International
ത്രിരാഷ്ട്ര ഉച്ചകോടിക്കായി ചൈനീസ്, റഷ്യന്‍, അമേരിക്കന്‍ രാഷ്ട്രത്തലവന്മാര് ഇന്നു ചൈനയില്‍
മൂന്നു രാഷ്ട്രതലവന്മാര് ഇതിനുമുന്‍പും പല ലോകവേദികളിലും ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഇവര്‍ മാത്രമായി ഒരു മേശയ്ക്ക് ചുറ്റും എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യം
ഷെന്‍ഷെന്‍ | ത്രിരാഷ്ട്ര ഉച്ചകോടിക്കായി ചൈനീസ്, റഷ്യന്‍, അമേരിക്കന്‍ രാഷ്ട്രത്തലവന്മാര് ഇന്നു ചൈനയിലെ ഷെന്‍ഷെനില്‍ സന്ധിക്കും. ലോക ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ ഒത്തുചേരല്‍ ഇന്ന് വൈകീട്ടാണ്.
ചൈനീസ്, റഷ്യന്‍, അമേരിക്കന്‍ രാഷ്ട്രതലവന്മാര് ഇതിനുമുന്‍പും പല ലോകവേദികളിലും ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഇവര്‍ മാത്രമായി ഒരു മേശയ്ക്ക് ചുറ്റും എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യം. ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ടാണ് തെക്കന്‍ ചൈനയിലെ ഷെന്‍ഷനില്‍ ഈ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്.
വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ലോകസമാധാനം നിലനിര്‍ത്തുന്നതിനായി ത്രിരാഷ്ട്ര ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് സൂചന.
2013-ല്‍ ഷി ജിന്‍പിങ് പ്രസിഡന്റായതിന് ശേഷം ഷിയും പുടിനും തമ്മില്‍ 40-ലധികം തവണ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.ഡോണള്‍ഡ് ട്രംപിന്റെ രണ്ട് അധികാര കാലങ്ങളിലായി പുടിനുമായി ഏഴ് തവണയും ട്രംപും ഷിയും തമ്മില്‍ മൂന്ന് തവണയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ആഗോള സമാധാനം, തന്ത്രപരമായ സ്ഥിരത, ആണവായുധ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രെയ്ന് സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയമാകും.
ലോകശക്തികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സ്ഥിരപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനും ത്രിരാഷ്ട്ര ഉച്ചകോടി നാഴികക്കല്ലാകുമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയായാണ് ത്രിരാഷ്ട്ര ഉച്ചകോടിയെ മറ്റ് ലോകരാജ്യങ്ങള്‍ കാണുന്നത്.
Content Highlights:Chinese President Xi Jinping, Russian President Vladimir Putin, and US President Donald Trump will hold a historic first-ever trilateral summit in Shenzhen today during the APEC forum. The leaders are set to discuss global peace, nuclear arms control, and ongoing conflicts in Ukraine and the Middle East.


