From the print
പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിലെ യു എസ് കേന്ദ്രം ആക്രമിച്ച് ഇറാൻ
ഹോർമുസ് കടലിടുക്കിലെ ഖ്വഷം ദ്വീപിൽ യു എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അറിയിച്ചു.
തെഹ്റാൻ/ ദുബൈ | പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലും മേഖലയിൽ ആക്രമണം തുടരുന്നു. കുവൈത്തിലെ യു എസ് ഡ്രോൺ, മിസൈൽ കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ ഖ്വഷം ദ്വീപിൽ യു എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് ഖ്വഷം ദ്വീപിലുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. അമേരിക്കൻ സൈനികരെയും സൈനിക ആസ്തികളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് യു എസ് വിശദീകരണം.
കപ്പലിന് നേരെ ആക്രമണം
ഹോർമുസ് കടലിടുക്കിൽ യു എ ഇ കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 11 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായും ഒരു ജീവനക്കാരനെ കാണാതായതായും അധികൃതർ അറിയിച്ചു. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണക്കമ്പനിയായ “അഡ്നോക്’ ആണ് കപ്പലിന് നേരെയുണ്ടായ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരുക്കേറ്റ ജീവനക്കാരെ അടിയന്തര ചികിത്സക്കായി മാറ്റുകയും കാണാതായയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്
ഇറാന്റെ വ്യോമാക്രമണം പ്രതിരോധിച്ചതായി ബഹ്റൈൻ അറിയിച്ചു. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തുന്നത്. യു എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റൈനിലാണ്. അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ ശക്തമായും ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെയും തിരിച്ചടിക്കുമെന്ന് ഇറാൻ കരസേനാ കമാൻഡർ ഇൻ ചീഫ് അമീർ ഹാതമി മുന്നറിയിപ്പ് നൽകി.
Content Highlights: Iran launched retaliatory drone and missile strikes on the Ali Al Salem airbase in Kuwait following US airstrikes on Qeshm Island. Separately, an ADNOC vessel was attacked in the Strait of Hormuz, injuring 11 crew members. Meanwhile, Bahrain intercepted incoming Iranian aerial attacks.


