National
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി സ്പൈസ്ജെറ്റ്
തുടര്‍ച്ചയായ വിമാന സര്‍വീസുകള്‍ റദ്ദാക്കലും മണിക്കൂറുകള്‍ നീളുന്ന കാലതാമസവും കാരണം മുംബൈ, പട്ന, ഡല്‍ഹി അടക്കമുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്
ന്യൂഡല്‍ഹി | കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിന്റെ സര്‍വീസുകള്‍ താളംതെറ്റുന്നു. തുടര്‍ച്ചയായ വിമാന സര്‍വീസുകള്‍ റദ്ദാക്കലും മണിക്കൂറുകള്‍ നീളുന്ന കാലതാമസവും കാരണം മുംബൈ, പട്ന, ഡല്‍ഹി അടക്കമുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. വിമാനത്താവള കൗണ്ടറുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ട നിര്‍ബന്ധിത ചാര്‍ജുകള്‍ കൃത്യമായി നല്‍കാത്തതാണ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്പൈസ്ജെറ്റിനെ ക്യാഷ് ആന്‍ഡ് കാരി വ്യവസ്ഥയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു വിമാനക്കമ്പനികള്‍ക്ക് 45 മുതല്‍ 60 ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കുമ്പോള്‍, സ്പൈസ്ജെറ്റ് ഓരോ വിമാനത്തിനും സര്‍വീസിന് മുന്‍പായി തുക മുന്‍കൂറായി അടക്കണം. തുക നല്‍കാത്ത പക്ഷം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ ടി സി) വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്.
കമ്പനിയിലെ ജീവനക്കാര്‍ക്ക് നാല് മുതല്‍ അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പള കുടിശ്ശികയെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതോടെ ഡല്‍ഹിയില്‍ നിന്നടക്കം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ, വാടക കുടിശ്ശിക മൂലം വിമാനങ്ങള്‍ പിടിച്ചുവെച്ചതോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 12 മുതല്‍ 13 ആയി ചുരുങ്ങി. ദിനംപ്രതി നടത്തേണ്ട ഷെഡ്യൂളുകളില്‍ 15 മുതല്‍ 20 വരെ വിമാനങ്ങള്‍ കമ്പനി റദ്ദാക്കുന്നതായാണ് വിവരം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ സ്പൈസ്ജെറ്റിന്റെ സര്‍വീസുകളില്‍ 20 ശതമാനത്തിലധികം റദ്ദാക്കപ്പെട്ടു. ഇതേ മാസത്തില്‍ കമ്പനിയുടെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് വെറും 16.6% മാത്രമായിരുന്നു. ജനുവരിയില്‍ 5.9 ലക്ഷം യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് സെപ്റ്റംബറില്‍ ഇത് 73,000 ആയി ഇടിഞ്ഞു. കമ്പനിയുടെ ആഭ്യന്തര വിപണി വിഹിതം 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കമ്പനിയായ ഡ്‌നാറ്റയ്ക്ക് നല്‍കാനുള്ള 35.8 കോടി രൂപ കുടിശ്ശികയായതിനെത്തുടര്‍ന്ന് ദുബായില്‍ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനങ്ങളും അടുത്തിടെ റദ്ദാക്കിയിരുന്നു.



