Connect with us

International

60,000 ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകാം; അവസരമൊരുക്കി മൈക്രോസോഫ്റ്റ്

നിര്‍മിതബുദ്ധി തൊഴില്‍ മേഖലയുടെ സ്വഭാവം മാറ്റുന്നതിനിടെ ജീവനക്കാര്‍ക്ക് സ്വന്തം കരിയറില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ല

Published

|

Last Updated

വാഷിങ്ടണ്‍ | 60,000 ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകാനുള്ള അവസരമൊരുക്കി മൈക്രോസോഫ്റ്റ്. സ്വമേധയാ വിരമിക്കല്‍ പാക്കേജ് കമ്പനി പ്രഖ്യാപിച്ചു. നിര്‍മിതബുദ്ധി തൊഴില്‍ മേഖലയുടെ സ്വഭാവം മാറ്റുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള ഈ തൊഴില്‍ നഷ്ടം. ജീവനക്കാര്‍ക്ക് സ്വന്തം കരിയറില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ല വിശദീകരിച്ചു.

നിര്‍മിതബുദ്ധിയുടെ വളര്‍ച്ച മൈക്രോസോഫ്റ്റിലെ ടീമുകളുടെ പ്രവര്‍ത്തനരീതിയിലും തൊഴില്‍ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. വരും വര്‍ഷങ്ങളില്‍ കമ്പനിയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെങ്കിലും ജോലിയുടെ സ്വഭാവവും ടീമുകളുടെ പ്രവര്‍ത്തനരീതിയും വ്യത്യസ്തമായിരിക്കുമെന്ന് നാദെല്ല പറഞ്ഞു.നിലവിലെ ജോലിയില്‍ വളര്‍ച്ചയില്ലെന്ന് തോന്നുന്നവര്‍ക്ക് മറ്റ് അവസരങ്ങള്‍ തേടാന്‍ സ്വാതന്ത്ര്യമുണ്ടാകണം. മൈക്രോസോഫ്റ്റിനുള്ളില്‍ തന്നെ പുതിയ വിഭാഗങ്ങളിലേക്ക് മാറാനും താല്‍പര്യമുള്ളവര്‍ക്ക് അവസരം ലഭിക്കണം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച സാമ്പത്തികവും തൊഴില്‍പരവുമായ സാധ്യതകള്‍ കണ്ടെത്താന്‍ ജീവനക്കാരെ സഹായിക്കുകയാണ് സ്വമേധയാ പിരിഞ്ഞുപോകല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച സാമ്പത്തിക അവസരങ്ങള്‍ ലഭിക്കുന്ന മേഖലകളിലേക്ക് മാറാന്‍ ഓരോ ജീവനക്കാരനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു നാദെല്ലയുടെ പ്രതികരണം. എ ഐ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കുന്നുണ്ടെന്ന് നാദെല്ല അംഗീകരിച്ചു. സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സുതാര്യമായ നിലപാട് സ്വീകരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ ജോലിയുടെ വലിയൊരു ഭാഗം കോഡിങ്, പ്രോഗ്രാമിങ് എന്നിവയ്ക്കായിരുന്നു. എന്നാല്‍ എ ഐ ഉപകരണങ്ങള്‍ കോഡിങ് പ്രക്രിയയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഏറ്റെടുക്കുന്നതോടെ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്ക് പുതിയ പ്രവര്‍ത്തനരീതികളുമായി പൊരുത്തപ്പെടേണ്ടിവരുന്നു. നിലവിലുള്ള അറിവ് പുതിയ രീതിയില്‍ പ്രയോജനപ്പെടുത്താനും എ ഐ ഉപകരണങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അവര്‍ പഠിക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുള്ളവരും മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ തയ്യാറുള്ളവരുമായ പരിചയസമ്പന്നരായ ജീവനക്കാര്‍ക്ക് ഈ സാഹചര്യത്തില്‍ മികച്ച രീതിയില്‍ മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ ഉപകരണങ്ങള്‍ പരിചിതമായ പുതിയ തലമുറ എന്‍ജിനീയര്‍മാരും തൊഴില്‍ മേഖലയിലേക്ക് കടന്നുവരികയാണ്. ഉപഭോക്താക്കളുമായി നേരിട്ട് സഹകരിച്ച് സാങ്കേതികവിദ്യ നടപ്പിലാക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന ഫോര്‍വേഡ് ഡിപ്ലോയ്ഡ് എന്‍ജിനീയര്‍മാരുടെ പ്രാധാന്യവും വര്‍ധിച്ചുവരികയാണെന്ന് നാദെല്ല ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ കൂടുതല്‍ വിപുലമായ സാങ്കേതിക കഴിവുകള്‍ സ്വന്തമാക്കേണ്ടിവരും. നിലവിലുള്ള കഴിവുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഭാവിയില്‍ ആവശ്യമായി വരുന്ന പുതിയ നൈപുണ്യങ്ങളും വികസിപ്പിക്കുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.

മൈക്രോസോഫ്റ്റില്‍ മാത്രമല്ല, മറ്റ് പ്രമുഖ സാങ്കേതിക കമ്പനികളിലും സമാനമായ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. എ.ഐ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൂഗിളും വിവിധ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞുപോകല്‍ പദ്ധതികള്‍ വിപുലീകരിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മുന്‍ഗണനാ മേഖലകളിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ മാറ്റുന്നതിനിടെയാണ് ഗൂഗിളിന്റെ ഈ നീക്കം.

Content Highlights: Microsoft has introduced a voluntary exit package for 60,000 employees as artificial intelligence transforms traditional software roles. CEO Satya Nadella stated the initiative offers career flexibility while the company shifts toward AI-driven workflows. Similar workforce restructuring is underway at Google.

 

Latest