Kerala
വടശ്ശേരിക്കരയില്‍ കാട്ടാന ആക്രമണം തുടരുന്നു
സര്‍ക്കാരും വനം വകുപ്പും പരാജയമെന്നു സി പി എം
പത്തനംതിട്ട | കഴിഞ്ഞ കുറെ ദിവസങ്ങളായി വടശ്ശേരിക്കരയിലും പരിസരങ്ങളിലും കാട്ടാനക്കൂട്ടം വന്‍തോതില്‍ നാശനഷ്ടം ഉണ്ടാക്കുകയാണ്. കൃഷി നശിപ്പിക്കല്‍ മാത്രമല്ല വീടുകള്‍ക്ക് വരെ ഭീഷണിയാകുന്ന സ്ഥിതിയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ഏക്കറിലധികം കൃഷികളാണ് നശിപ്പിച്ചത്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. അത് മുഴുവന്‍ നശിപ്പിച്ചിരിക്കുകയാണ്. അരീക്കക്കാവ്, മണിയാര്‍, പേഴുംപാറ, ബൗണ്ടറി, കുമ്പളത്താമണ്‍, മുക്കുഴി, മനോരമ മുക്ക്, ചെമ്പരത്തി മുക്ക്, വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
ദിവസങ്ങളായി കാട്ടാന ശല്യം തുടരുമ്പോഴും ഇടപെടുന്നതില്‍ വനം വകുപ്പും സര്‍ക്കാരും പരാജയപ്പെട്ടിരിക്കുകയാണെന്ന് രാജു ഏബ്രഹാം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് നിലനില്‍പ്പിനായി നാട്ടുകാര്‍ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പാര്‍ട്ടി റാന്നി ഏരിയ സെക്രട്ടറി കെ പി സുഭാഷ് കുമാര്‍, വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എം വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: CPM district secretary Raju Abraham demanded urgent government intervention as wild elephants destroyed over 100 acres of crops in Vadasserikkara. Visiting affected areas including Maniyar and Ranni, he criticized the forest department’s inaction and warned against forcing locals into self-defense.




