Eduline
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി; മാസ്റ്റേഴ്സ് എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാം
അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുന്പായി, യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു.
വി ഐ ടി മാസ്റ്റേഴ്സ് എൻട്രൻസ് എക്സാമിനേഷന് (വി ഐ ടി എം ഇ ഇ) അപേക്ഷ ക്ഷണിച്ച് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി ഐ ടി). എം സി എ, എം എസ്സി ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് വിഷയങ്ങളിലാണ് പ്രവേശനം. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ vit.ac.in വഴി മാർച്ച് 31 വരെ പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുന്പായി, യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു.
1,200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബേങ്കിംഗ് തുടങ്ങിയ ഓൺലൈൻ മാർഗങ്ങളിലൂടെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
യോഗ്യത
എം സി എ, എം എസ്സി ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ, യു ജി സി/എ ഐ സി ടി ഇ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ റെഗുലർ ഫുൾ-ടൈം ബിരുദം നേടിയിരിക്കണം. കൂടാതെ, ബിരുദത്തിന് കുറഞ്ഞത് 60 ശതമാനം മാർക്കോ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് യോഗ്യതയോ ഉണ്ടായിരിക്കണം. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദ തലങ്ങളിൽ കുറഞ്ഞത് 60 ശതമാനം മൊത്തം മാർക്ക് ഉണ്ടായിരിക്കണം. അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പരീക്ഷ
മേയ് രണ്ടിനാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ രണ്ട് മണിക്കൂർ ദൈർഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. ഒരാൾക്ക് ഒരു തവണ മാത്രമേ എഴുതാനാകു. ചോദ്യപേപ്പർ ഇംഗ്ലീഷിൽ മാത്രമായിരിക്കും.
ആകെ 100 ചോദ്യങ്ങളുണ്ടാകും. ഇതിൽ 80 ചോദ്യങ്ങൾ തിരഞ്ഞെടുത്ത സാങ്കേതിക വിഷയത്തിൽ നിന്നും 20 ചോദ്യങ്ങൾ ഇംഗ്ലീഷ് ആശയവിനിമയവുമായി ബന്ധപ്പെട്ടവയുമായിരിക്കും.
Content Highlights: Vellore Institute of Technology has invited applications for VITMEE 2026 for MCA, Data Science, and AI/ML programs. Eligible candidates can apply online through the official website until March 31. The computer-based entrance examination is scheduled for May 2.





