Kerala
കാപ്പ കേസ് പ്രതികളുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധം; കേരള പോലീസ് അസോസിയേഷന് നേതാവിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസിലുള്‍പ്പെട്ട ഗുണ്ടാസംഘവുമായും കാപ്പ കേസ് പ്രതികളുമായും ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി
പത്തനംതിട്ട | കാപ്പ കേസ് പ്രതികളുമായും ക്രിമിനല്‍ സംഘങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയതിന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്ത് പി ചന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഇയാള്‍ കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസിലുള്‍പ്പെട്ട ഗുണ്ടാസംഘവുമായും കാപ്പ കേസ് പ്രതികളുമായും ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ വിശദീകരണം നല്കാന് ഇയാള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയും 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 15 ദിവസത്തിനകം രേഖാമൂലം മറുപടി നല്കാന് സമയം അനുവദിച്ച ശേഷമാണ് ആഭ്യന്തര വകുപ്പും ജില്ലാ പൊലീസ് മേധാവിയും ചേര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള അന്തിമ നടപടി സ്വീകരിച്ചത്.
തിരുവല്ല പൊലീസ് സ്റേഷനില്‍ തന്നെ 21 കേസുകളില്‍ പ്രതിയാകുകയും കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്തിട്ടുള്ള റോഷന് വര്‍ഗീസ്, പീച്ചി പൊലീസ് സ്റേഷനിലെ ഹൈവേ കവര്‍ച്ചാ കേസിലെ പ്രതിയായ കിരണ്‍ പിര്‍ലോ എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകളുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുകയും പ്രതികളോടൊപ്പം ഫോട്ടോ എടുക്കുകയും ഇത് സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ഫോണ്‍ നമ്പരുകളുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ നിന്നും പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധം സ്ഥാപിച്ചിട്ടുള്ളതായും ബോധ്യപ്പെട്ടു.
ഒരു പോലീസ് സേനാംഗം എന്ന നിലയില്‍ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും സ്വഭാവ ദൂഷ്യവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പത്തനംതിട്ട ഡി.വൈ.എസ്.പി യെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അന്വേണത്തില്‍ കുറ്റകാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സേനയില്‍ നിന്നും പിരിച്ച് വിട്ടുകൊണ്ട് ഉത്തരവായത്. ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് .
Content Highlights: Kerala Police Association district secretary Nishanth P Chandran was dismissed from service in Pathanamthitta for maintaining close links with KAAPA accused and criminal gangs. An internal probe revealed frequent phone calls and social media photos with notorious criminals, leading to strict action.





