National
ആധുനിക ഭീഷണികളെ പ്രതിരോധിക്കല്‍; ഇസ്‌റാഈലുമായി 1,976.40 കോടിയുടെ കരാര്‍ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം
ഈ കരാറിന് കീഴില്‍, സിസ്റ്റത്തിന്റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സമഗ്രമായി നവീകരിക്കും
ന്യൂഡല്‍ഹി | ഇസ്‌റാഈലുമായി 1,976.40 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ നാവികസേനാ കപ്പലുകളിലുള്ള ‘ബരാക് പോയിന്റ് ഡിഫന്‍സ് മിസൈല്‍ സിസ്റ്റം’ നവീകരിക്കുന്നതിനും, കാലപ്പഴക്കം മൂലം ഉപയോഗശൂന്യമാകുന്ന ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായിട്ടുള്ളതാണ് കരാര്‍. ആധുനിക ഭീഷണികളെ പ്രതിരോധിക്കാന്‍ സേനയുടെ അവസാനത്തെ വ്യോമ പ്രതിരോധ നിരയെ പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഈ കരാറിന് കീഴില്‍, സിസ്റ്റത്തിന്റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സമഗ്രമായി നവീകരിക്കും.
ഇസ്‌റാഈല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയുമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കരാറിലേര്‍പ്പെട്ടിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.1,976.40 കോടി രൂപ ചെലവ് വരുന്ന ഈ കരാര്‍ അദര്‍ കാപിറ്റല്‍ പ്രോക്യൂര്‍മെന്റ് പ്രസീജ്യര്‍ പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത്.
ബരാക് പോയിന്റ് ഡിഫന്‍സ് മിസൈല്‍ സിസ്റ്റം സംവിധാനം നവീകരിക്കുന്നതിലൂടെ, ഇന്ത്യന്‍ നാവികസേനാ കപ്പലുകളുടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും, കൂടുതല്‍ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ലഭ്യമാവുകയും ചെയ്യുമെന്ന് പ്രതിരോധമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി
Content Highlights:India’s Defence Ministry signed a Rs 1,976.40 crore contract with Israel Aerospace Industries to upgrade the Indian Navy’s Barak point defence missile system. Signed in New Delhi, the deal covers hardware and software modernization to boost warships’ air defence against modern threats





