Connect with us

National

ഡല്‍ഹിയിലെ സമരങ്ങള്‍ വ്യാപാരത്തെ ബാധിച്ചു: കോണ്‍ഗ്രസിനും സി ജെ പിക്കും എ എ പിക്കും ഐസക്കും സുപ്രീം കോടതി നോട്ടീസ്

കിരാന കമ്മിറ്റി ഡല്‍ഹി, ഡല്‍ഹി അയണ്‍ ആന്‍ഡ് ഹാര്‍ഡ്വെയര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ എന്നീ വ്യാപാരി സംഘടനകളാണ് ഹര്‍ജി നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഡല്‍ഹിയില്‍ കഴിഞ്ഞ മാസം വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ തങ്ങളുടെ വ്യാപാരത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ എ പി), കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് ഉത്തരവിട്ടത്.

കിരാന കമ്മിറ്റി ഡല്‍ഹി, ഡല്‍ഹി അയണ്‍ ആന്‍ഡ് ഹാര്‍ഡ്വെയര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ എന്നീ വ്യാപാരി സംഘടനകളാണ് ഹര്‍ജി നല്‍കിയത്. സമരങ്ങള്‍ സംഘടിപ്പിച്ചവരെ കൂടി കേസില്‍ കക്ഷിചേര്‍ക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് നല്‍കിയ ഭേദഗതി വരുത്തിയ ഹര്‍ജി പരിഗണിച്ചാണ് കോടതി പുതിയ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.

ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധങ്ങള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ കച്ചവടത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയെന്ന് വ്യാപാരികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. ഇതിനുപുറമെ, നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന രാംലീല മൈതാനം പ്രതിഷേധ വേദിയായി നിശ്ചയിച്ചതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. രാംലീല മൈതാനത്തിന് ചുറ്റും നിരവധി മൊത്തവ്യാപാര ചന്തകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ സമരങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള എം എ ബേബി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഈ കേസുകള്‍ നവംബര്‍ 27ന് പരിഗണിക്കാനായി താല്‍ക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, പോലീസിനും മറ്റ് അധികാരികള്‍ക്കുമെതിരെ ഫയല്‍ ചെയ്തിട്ടുള്ള കോടതി അലക്ഷ്യ ഹര്‍ജികള്‍ മറ്റൊരു ദിവസം പ്രത്യേകമായി പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

 

Content Highlights: Supreme Court issued notices to Congress, AAP, CJP, and AISA on a plea by Delhi traders claiming protests disrupted business. Senior advocate Mukul Rohatgi opposed protests at Jantar Mantar and Ramlila Maidan near wholesale markets. The bench listed the matter for hearing on November 2
---- facebook comment plugin here -----

Latest