Ongoing News
കുവൈത്ത്, ബഹ്റൈൻ, യു എ ഇ രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ സഊദി അപലപിച്ചു; നയതന്ത്ര ചര്ച്ചകളിലൂടെ പരിഹാരം കാണണം
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന എല്ലാത്തരം ശത്രുതാപരമായ നീക്കങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
റിയാദ് | പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും സംഘർഷം രൂക്ഷമാകുന്നതിനിടെ, കുവൈത്തിനും ബഹ്റൈനുമെതിരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെയും സഊദി അറേബ്യ ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റങ്ങളും സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന നീക്കങ്ങളും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന എല്ലാത്തരം ശത്രുതാപരമായ നീക്കങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും നല്ല അയൽപക്ക മര്യാദകളും പാലിക്കാൻ എല്ലാവരും തയ്യാറാകണം. ആയുധങ്ങൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെയും സമാധാനപരമായ ഇടപെടലുകളിലൂടെയും പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അവസരം നൽകണമെന്നും സഊദി അറേബ്യ ഓർമ്മിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ, വ്യോമാക്രമണ ശ്രമങ്ങളുണ്ടായത്. ഇരുരാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവയെ ആകാശത്തുവെച്ച് തന്നെ തകർത്തു. കുവൈത്തിലെ അലി അൽ-സാലെം വ്യോമതാവളത്തിലെ യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇറാൻ സൈന്യത്തിന്റെ അവകാശവാദം.
ചൊവ്വാഴ്ച രാത്രി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന പതിനൊന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആഗോള എണ്ണ വിപണിയെയും സമുദ്ര വ്യാപാര പാതകളെയും സാരമായി ബാധിക്കുന്ന സംഭവമാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ആക്രമണത്തിന് ഇരയായ കുവൈത്ത്, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി, അറബ് ലീഗ്, ഖത്തർ തുടങ്ങിയവരും നടപടികളെ ശക്തമായി അപലപിച്ചിട്ടുണ്ട്. മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇത്തരം നീക്കങ്ങൾ തടയാൻ യുഎൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Content Highlights: Saudi Arabia strongly condemned Iranian drone strikes on Kuwait and Bahrain, alongside an attack on a UAE ADNOC oil tanker in the Strait of Hormuz that injured eleven crew members. Reaffirming solidarity with the Gulf nations, Saudi Arabia urged an immediate halt to hostilities and called for diplomatic dialogue to protect regional stability and global maritime trade.





