Connect with us

International

ജോർദാനിൽ പരിശീലനത്തിനിടെ സൈനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണു; അഞ്ച് സൈനികർക്ക് പരിക്ക്

പരിക്കേറ്റ സൈനികരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ക്വീൻ ആലിയ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Published

|

Last Updated

അമ്മാൻ|ജോർദാനിൽ സൈനിക പരിശീലനത്തിനിടെ ബ്ലാക്ക് ഹോക്ക് (Black Hawk) ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. അപകടത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് അപകടമുണ്ടായതെന്ന് ജോർദാൻ സായുധ സേനയുടെ ജനറൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

പരിക്കേറ്റ സൈനികരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ക്വീൻ ആലിയ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് നാല് പേരുടെ പരിക്കുകൾ നിസ്സാരമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അപകടം നടന്നയുടൻ പ്രത്യേക രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തുകയും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പരിക്കേറ്റവരുടെ ആരോഗ്യനില സൈനിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും സൈന്യം അറിയിച്ചു. അപകടകാരണം കണ്ടെത്തുന്നതിനായി സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോർദാനിൽ സൈനിക പരിശീലന പറക്കലുകൾക്കിടെ മുൻപും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2024 ഫെബ്രുവരിയിൽ വടക്കൻ ജോർദാനിലെ മഫ്രഖിലുള്ള  കിംഗ് ഹുസൈൻ വ്യോമതാവളത്തിൽ പരിശീലനത്തിനിടെ റോയൽ ജോർദാനിയൻ എയർഫോഴ്സിന്റെ ‘ഗ്രോബ്’ വിഭാഗത്തിൽപ്പെട്ട പരിശീലന വിമാനം തകർന്നു വീണ് ഒരു മേജറും ക്യാപ്റ്റനും ഉൾപ്പെടെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. അതിന് മുൻപ് 2022 ജൂണിലും കിംഗ് ഹുസൈൻ വ്യോമതാവളത്തിന് സമീപം ഇതേ വിഭാഗത്തിൽപ്പെട്ട പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടമായിരുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോർദാൻ വ്യോമസേനയുടെ പരിശീലനങ്ങളും നിരീക്ഷണ പറക്കലുകളും അടുത്ത കാലത്തായി കൂടുതൽ സജീവമാണ്.

Content Highlights: Five soldiers were injured after a Jordanian military Black Hawk helicopter crashed during a training flight on Wednesday. The injured personnel were admitted to Queen Alia Military Hospital, with one reported to be in critical condition. The Jordanian Armed Forces have launched a technical investigation into the incident.

Latest