Connect with us

Ongoing News

വിദേശ നിയമ സ്ഥാപനങ്ങൾക്ക് സഊദിയിൽ പ്രൊഫഷണൽ കമ്പനികൾ സ്ഥാപിക്കാം; കർശന നിബന്ധനകളോടെ അഭിഭാഷക നിയമം ഭേദഗതി ചെയ്തു

സ്ഥാപനത്തിന് നിർബന്ധമായും പ്രൊഫഷണൽ ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടായിരിക്കുകയും ഗുരുതരമായ നിയമലംഘനങ്ങളോ വിശ്വാസവഞ്ചനയോ നടത്തിയതായി മുൻകാല കേസുകൾ ഇല്ലാതിരിക്കുകയും വേണം.

Published

|

Last Updated

റിയാദ്|വിദേശ നിയമ സ്ഥാപനങ്ങൾക്ക് സഊദി അറേബ്യയിൽ പ്രൊഫഷണൽ കമ്പനികൾ സ്ഥാപിക്കാൻ അനുമതി നൽകുന്ന തരത്തിൽ അഭിഭാഷക നിയമത്തിൽ (Code of Law Practice) ഭേദഗതി വരുത്താൻ സഊദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

കർശനമായ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും വിദേശ നിയമ സ്ഥാപനങ്ങൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകുക. സഊദി നീതിന്യായ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം, അപേക്ഷിക്കുന്ന വിദേശ നിയമ സ്ഥാപനത്തിന് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. കൂടാതെ, സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുറഞ്ഞത് മൂന്ന് രാജ്യങ്ങളിലോ അല്ലെങ്കിൽ ഒരു രാജ്യത്തെ അഞ്ച് പ്രവിശ്യകളിലോ സ്ഥാപനത്തിന് ഔദ്യോഗിക ഓഫീസുകളും പ്രവർത്തനാനുമതിയും ഉണ്ടായിരിക്കണം.

സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന കുറഞ്ഞത് രണ്ട് പങ്കാളികൾ വർഷത്തിൽ 180 ദിവസത്തിൽ കുറയാതെ സഊദി അറേബ്യയിൽ താമസിക്കേണ്ടതുണ്ട്. ഇവർക്ക് നിയമമേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. രാജ്യത്തെ സ്വദേശിവൽക്കരണ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതിനൊപ്പം, സഊദി ജീവനക്കാർക്ക് വർഷത്തിൽ കുറഞ്ഞത് 20 മണിക്കൂർ പ്രൊഫഷണൽ പരിശീലനം നൽകുകയും നിയമ ബിരുദധാരികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും വേണം.

സഊദി അഭിഭാഷകരുമായി ചേർന്ന് പ്രൊഫഷണൽ കമ്പനി രൂപീകരിക്കുകയാണെങ്കിൽ എല്ലാ നിയമസേവനങ്ങളും നൽകാൻ സാധിക്കും. എന്നാൽ, സഊദി കോടതികളിൽ നേരിട്ട് ഹാജരായി വാദിക്കാൻ ലൈസൻസുള്ള സഊദി അഭിഭാഷകർക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിദേശ സ്ഥാപനത്തിന്റെ സ്വന്തം ശാഖയായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ അന്താരാഷ്ട്ര നിയമം, വിദേശ നിയമങ്ങൾ, മധ്യസ്ഥത (Arbitration) എന്നിവയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ മാത്രമേ നൽകാൻ കഴിയൂ.

സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശ ജോലികളിൽ പരമാവധി 30 ശതമാനം മാത്രമേ സഊദിക്ക് പുറത്തേക്ക് കൈമാറാൻ പാടുള്ളൂവെന്നും ബാക്കി 70 ശതമാനവും രാജ്യത്തിനകത്ത് തന്നെ ചെയ്യണമെന്നും ചട്ടം അനുശാസിക്കുന്നു. കൂടാതെ, സ്ഥാപനത്തിന് നിർബന്ധമായും പ്രൊഫഷണൽ ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടായിരിക്കുകയും ഗുരുതരമായ നിയമലംഘനങ്ങളോ വിശ്വാസവഞ്ചനയോ നടത്തിയതായി മുൻകാല കേസുകൾ ഇല്ലാതിരിക്കുകയും വേണം.

സഊദി വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമ സേവനങ്ങൾ സഊദിയിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ പരിഷ്കാരം. പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ആഗോളതലത്തിലെ പ്രമുഖ നിയമ സ്ഥാപനങ്ങൾക്ക് സഊദി അറേബ്യയിൽ നേരിട്ട് പ്രവർത്തനം വ്യാപിപ്പിക്കാനും വിദേശ നിക്ഷേപകർക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും മികച്ച നിയമോപദേശങ്ങൾ നൽകാനും സാധിക്കും.

Content Highlights: The Saudi Cabinet has approved amendments to the Code of Law Practice allowing foreign law firms to operate in the kingdom under strict conditions. Firms must meet residency, experience, and localization rules to support Saudi Vision 2030 goals and attract foreign investment.

---- facebook comment plugin here -----

Latest