Ongoing News
കെഎഎഫ്ഡി മെട്രോ സ്റ്റേഷൻ വീണ്ടും തുറന്നു; മേൽപ്പാലത്തിലെ നിയന്ത്രണം തുടരും
സാമ്പത്തിക ബാധ്യതകളുടെ പേരിൽ വർഷങ്ങളോളം യാത്രാവിലക്ക് നേരിട്ട് നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടന്ന പ്രവാസികൾക്ക് ആശ്വാസമായി സഊദി അറേബ്യയുടെ പുതിയ എൻഫോഴ്സ്മെന്റ് നിയമം പ്രാബല്യത്തിൽ വന്നു.
റിയാദ്|സഊദി തലസ്ഥാനമായ റിയാദിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കെഎഎഫ്ഡി) മെട്രോ സ്റ്റേഷൻ ബുധനാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കുമായി വീണ്ടും തുറന്നു.
യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കെഎഎഫ്ഡി അധികൃതർ വ്യക്തമാക്കി. ഇതോടെ സാമ്പത്തിക ജില്ലയിലേക്കുള്ള ജീവനക്കാർക്കും സന്ദർശകർക്കും തടസ്സമില്ലാതെ മെട്രോ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
അതേസമയം, 2.12, 2.13 എന്നീ കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓവർഹെഡ് വാക്ക്വേ (മേൽപ്പാലം) താൽക്കാലികമായി അടച്ചിടുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം നിലനിൽക്കും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 5.30 മുതൽ അർദ്ധരാത്രി 12.00 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 10.00 മുതൽ അർദ്ധരാത്രി 12.00 വരെയുമാണ് സ്റ്റേഷൻ പ്രവർത്തിക്കുക.
യാത്രക്കാരുടെ സൗകര്യാർത്ഥം സ്റ്റേഷനോട് ചേർന്ന് രണ്ട് നിലകളുള്ള വിപുലമായ ‘പാർക്ക് ആൻഡ് റൈഡ്’ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കെഎഎഫ്ഡിയിലെ മറ്റ് മൾട്ടി-ലെവൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സ്റ്റേഷനിലേക്ക് ഷട്ടിൽ ബസ്, നടപ്പാത സൗകര്യങ്ങളും ലഭ്യമായിരിക്കും.
റിയാദ് മെട്രോയിലെ ബ്ലൂ (ലൈൻ 1), യെല്ലോ (ലൈൻ 4), പർപ്പിൾ (ലൈൻ 6) എന്നീ മൂന്ന് പ്രധാന ലൈനുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമാണ് കെഎഎഫ്ഡി സ്റ്റേഷൻ. കൂടാതെ വിമാനത്താവളത്തിലേക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ സ്റ്റേഷൻ വലിയ രീതിയിൽ പ്രയോജനപ്പെടുകയും ചെയ്യും. സ്റ്റേഷൻ വീണ്ടും സജീവമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധിവരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights:King Abdullah Financial District (KAFD) Metro Station in Riyadh has reopened for commuters and visitors with direct access and park-and-ride facilities. Connecting the Blue, Yellow, and Purple lines, the station eases traffic congestion across the city. However, the overhead walkway between buildings 2.12 and 2.13 remains temporarily closed.






