Connect with us

Eduline

ഇൻസ്പെയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അടിസ്ഥാന ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കുന്ന മികച്ച വിദ്യാർഥികൾക്കായി നൽക്കുന്ന സ്കോളർഷിപ്പാണിത്

Published

|

Last Updated

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇൻസ്പെയർ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. അടിസ്ഥാന ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കുന്ന മികച്ച വിദ്യാർഥികൾക്കായി 12,000 സ്‌കോളർഷിപ്പുകളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.

ഈ മാസം ഏഴിന് ആരംഭിച്ച അപേക്ഷാ പ്രക്രിയയിലൂടെ യോഗ്യരായ വിദ്യാർഥികൾക്ക് ഔദ്യോഗിക ഇൻസ്പെയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴിന് രാത്രി 11.59 വരെയാണ്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ഉൾക്കൊള്ളുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വകുപ്പ് ഒരു പുതുക്കിയ ചട്ടക്കൂടും ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. സ്‌കോളർഷിപ്പ് പ്രോഗ്രാമിന്റെ പ്രധാന മാനദണ്ഡം മെറിറ്റ് തന്നെയാണ്.

യോഗ്യത

2025ൽ 12ാം ക്ലാസ്സ് പരീക്ഷ പാസ്സായവരും 17നും 22നും ഇടയിൽ പ്രായമുള്ളവരുമായ വിദ്യാർഥികൾക്ക് യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി ഇതിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന, പ്രകൃതി ശാസ്ത്രങ്ങളിൽ ബി എസ്‌സി, ബി എസ്, ഗവേഷണത്തോടുകൂടിയ നാല് വർഷത്തെ ബി എസ്‌സി, ഇന്റഗ്രേറ്റഡ് എം എസ്‌സി അല്ലെങ്കിൽ എം എസ് പ്രോഗ്രാമുകൾ പഠിക്കുന്നവരായിരിക്കണം വിദ്യാർഥികൾ.

സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ ബോർഡിന്റെ 12ാം ക്ലാസ്സിലെ മികച്ച മാർക്ക് നേടിയവർ, ജെ ഇ ഇ മെയിൻ, ജെ ഇ ഇ അഡ്വാൻസ്ഡ് അല്ലെങ്കിൽ നീറ്റ് പരീക്ഷകളിൽ ആദ്യ 10,000ത്തിനുള്ളിൽ റാങ്ക് നേടി യോഗ്യതാ സയൻസ് കോഴ്‌സുകൾ പഠിക്കുന്നവർ, നാഷനൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ സ്‌കോളർമാർ, ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സെർച്ച് സ്‌കോളർമാർ, കൂടാതെ യോഗ്യതയുള്ള സയൻസ് കോഴ്‌സുകൾ പഠിക്കുന്ന ഇന്റർനാഷനൽ ഒളിമ്പ്യാഡ് മെഡൽ ജേതാക്കൾ എന്നിവർക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം.

ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, ജീവശാസ്ത്രം, ബയോടെക്‌നോളജി, മൈക്രോബയോളജി, പരിസ്ഥിതി ശാസ്ത്രം, സ്ഥിതിവിവരക്കണക്ക്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം പ്രതിവർഷം 60,000 രൂപ ധനസഹായം ലഭിക്കും. കൂടാതെ, സ്‌കോളർഷിപ്പിന്റെ മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിൽ പ്രതിവർഷം 20,000 രൂപ മെന്റർഷിപ്പ് ഗ്രാന്റായും ലഭിക്കും. ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിലോ സർവകലാശാലയിലോ ലബോറട്ടറിയിലോ നടത്തുന്ന ഗവേഷണ പദ്ധതിയുമായാണ് ഈ പിന്തുണ ബന്ധപ്പെട്ടിരിക്കുന്നത്.

അപേക്ഷ

യോഗ്യരായ വിദ്യാർഥികൾക്ക് online-inspire.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഇമെയിൽ വിലാസം ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം.

ലോഗിൻ ചെയ്ത ശേഷം ഇൻസ്പെയർ ഷീ അപേക്ഷാ ഫോം പൂരിപ്പിച്ച്, 10, 12 ക്ലാസ്സുകളിലെ മാർക്ക് ഷീറ്റുകൾ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, നിർദിഷ്ട എൻഡോഴ്സ്മെന്റ് ഫോം എന്നിവയുൾപ്പെടെയുള്ള ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യത്തിനായി സമർപ്പിച്ച ഫോമിന്റെ ഒരു പകർപ്പ് സൂക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപൂർണമായതോ ആവശ്യമായ രേഖകൾ ഇല്ലാത്തതോ ആയ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, ഫോം സമർപ്പിക്കുന്നതിന് മുന്പ് മാർഗനിർദേശങ്ങൾ പരിശോധിക്കേണ്ടതാണ്.

Content Highlights: The Department of Science and Technology has invited online applications for 12,000 INSPIRE scholarships for basic and natural science students. Eligible 2025 Class 12 graduates can apply via online-inspire.gov.in until December 7. Selected scholars receive Rs 80,000 annually including mentorship grants.

---- facebook comment plugin here -----

Latest