Connect with us

Ongoing News

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: സഊദിയിൽ അനിശ്ചിതകാല യാത്രാവിലക്കുകൾ അവസാനിക്കുന്നു

സാമ്പത്തിക ബാധ്യതകളുടെ പേരിൽ വർഷങ്ങളോളം യാത്രാവിലക്ക് നേരിട്ട് നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടന്ന പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ എൻഫോഴ്‌സ്‌മെന്റ് നിയമം പ്രാബല്യത്തിൽ വന്നു.

Published

|

Last Updated

റിയാദ്/ ദമാം | സഊദി  അറേബ്യയിൽ സാമ്പത്തിക ബാധ്യതകളുടെ പേരിൽ വർഷങ്ങളോളം യാത്രാവിലക്ക് (Travel Ban) നേരിട്ട് നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നിയമവ്യവസ്ഥ പ്രാബല്യത്തിൽ വന്നു. 2026 ഒക്ടോബർ 29 മുതൽ നിലവിൽ വന്ന പുതിയ എൻഫോഴ്‌സ്‌മെന്റ് നിയമത്തിലെ ഭേദഗതികൾ (Royal Decree M/237) പ്രകാരം, ചെറിയ സാമ്പത്തിക ബാധ്യതകളുടെ പേരിലുള്ള അനിശ്ചിതകാല യാത്രാവിലക്കുകൾക്ക് അറുതിയായിരിക്കുകയാണ്. ഇതോടെ നിരവധി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങി.

പുതിയ നിയമവ്യവസ്ഥയിലെ സുപ്രധാന മാറ്റങ്ങൾ

50,000 റിയാൽ വരെയുള്ള കടങ്ങൾക്ക് യാത്രാവിലക്കില്ല: കുടിശ്ശിക തുക 50,000 സഊദി റിയാലോ അതിൽ കുറവോ ആണെങ്കിൽ അവ ചെറിയ കടങ്ങളായി പരിഗണിക്കും. ഇത്തരം കേസുകളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് കോടതി നിർബന്ധമായും നീക്കം ചെയ്യണമെന്നും, പുതിയതായി യാത്രാവിലക്ക് ഏർപ്പെടുത്താൻ പാടില്ലെന്നുമാണ് പുതിയ വ്യവസ്ഥ.

നേരത്തെ കേസുകൾ തീർപ്പാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് തുടർന്നിരുന്ന യാത്രാവിലക്കിന് ഇനി കൃത്യമായ സമയപരിധിയുണ്ടാകും. പുതിയ നിയമപ്രകാരം ഒരു ഉത്തരവിൽ പരമാവധി മൂന്ന് വർഷത്തേക്ക് മാത്രമേ യാത്രാവിലക്ക് നിലനിൽക്കൂ. പ്രത്യേക സാഹചര്യങ്ങളിൽ കോടതി നീട്ടി നൽകിയാൽ പോലും ആകെ കാലാവധി ആറ് വർഷത്തിൽ കവിയാനും  പാടില്ല,കടബാധ്യതയുള്ള വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ, ശമ്പളത്തിൽ നിന്നോ, മറ്റ് ആസ്തികളിൽ നിന്നോ പണം ഈടാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ ഇനി യാത്രാവിലക്ക് ഏർപ്പെടുത്താൻ സാധിക്കൂ.

കടബാധ്യത തീർക്കുകയോ, കേസ് ഒത്തുതീർപ്പാകുകയോ, അല്ലെങ്കിൽ നിശ്ചിത കാലാവധി പൂർത്തിയായാലോ യാത്രാവിലക്ക് ഇലക്ട്രോണിക് സിസ്റ്റത്തിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യപ്പെടും. ഇതിനായി പ്രവാസികൾ പ്രത്യേകം ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല,അതേസമയം വിദേശത്ത് അടിയന്തര ചികിത്സയ്ക്ക് പോകേണ്ടവർക്കും, ജോലി സംബന്ധമായ യാത്രകൾ ആവശ്യമുള്ളവർക്കും, കടബാധ്യത തീർക്കാൻ ആവശ്യമായ ആസ്തികൾ വെളിപ്പെടുത്തുന്നവർക്കും കോടതിയുടെ അനുമതിയോടെ യാത്രാവിലക്കിൽ ഇളവ് ലഭിക്കും.

പ്രവാസികൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രാവിലക്ക് നീങ്ങുന്നത് കൊണ്ട് നിലവിലുള്ള സാമ്പത്തിക ബാധ്യത റദ്ദാകുന്നില്ലെന്നും, പണം തിരിച്ചുപിടിക്കുന്നതിനുള്ള മറ്റ് നിയമനടപടികൾ തുടരുമെന്നും സഊദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നതിന് മുൻപ് അബ്ഷീർ അല്ലെങ്കിൽ നാജിസ്  പോർട്ടലുകൾ വഴി തങ്ങളുടെ പേരിൽ മറ്റ് യാത്രാവിലക്കുകളോ, ക്രിമിനൽ കേസുകളോ, ഇഖാമ സംബന്ധമായ തടസ്സങ്ങളോ നിലവിലില്ലെന്ന് പ്രവാസികൾ ഉറപ്പുവരുത്തണമെന്നാണ്   നിയമവിദഗ്ധർ നിർദ്ദേശിക്കുന്നത്.

Content Highlights: Saudi Arabia’s new Enforcement Law (Royal Decree M/237) eliminates travel bans for debts up to 50,000 SAR and caps longer bans at three to six years. The automated system lifts bans upon settlement, though financial liabilities remain. Expats must verify their status on Absher or Najiz before booking flights.

Latest