Ongoing News
മദീനയിലെ മസ്ജിദുന്നബവിയിൽ ഡിജിറ്റൽ മതകേന്ദ്രം ഉദ്ഘാടനം ചെയ്തു; തീർത്ഥാടകർക്ക് ഇനി ആധുനിക സാങ്കേതിക സേവനങ്ങൾ
സഊദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇരുഹറമുകളിലെയും പ്രവർത്തനങ്ങൾ സ്മാർട്ടാക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പാണിത്.
മദീന|പ്രവാചകനഗരിയായ മദീനയിലെ മസ്ജിദുന്നബവിയിൽ ഡിജിറ്റൽ മത കേന്ദ്രം ഇരുഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുൾറഹ്മാൻ അൽ സുദൈസ് ഉദ്ഘാടനം ചെയ്തു. ഇരുഹറം മതകാര്യ വകുപ്പിന് കീഴിലുള്ള സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ആധുനികവൽക്കരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. സഊദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇരുഹറമുകളിലെയും പ്രവർത്തനങ്ങൾ സ്മാർട്ടാക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പാണിത്.
വിശ്വാസികൾക്കും സന്ദർശകർക്കും നൽകുന്ന മതപരവും ബോധവൽക്കരണപരവുമായ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി തീർത്ഥാടകരുടെ സംശയങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കാനും സാധിക്കും.
പുതിയ കേന്ദ്രത്തിന് പുറമെ, മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും തീർത്ഥാടകരുടെ സൗകര്യാർത്ഥം വിപുലമായ ഡിജിറ്റൽ, ബഹുഭാഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് ഇന്ററാക്ടീവ് സ്ക്രീനുകൾ വഴി 23-ലധികം അന്താരാഷ്ട്ര ഭാഷകളിൽ മതപരമായ മാർഗ്ഗനിർദ്ദേശങ്ങളും ലഘുലേഖകളും ലഭ്യമാണ്. സ്ക്രീനുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് തീർത്ഥാടകർക്ക് ഇവ തങ്ങളുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാനും കഴിയും.
നിർമ്മിത ബുദ്ധിയിൽ (AI) പ്രവർത്തിക്കുന്ന ഗൈഡൻസ് റോബോട്ടുകൾ, സ്മാർട്ട് ഇലക്ട്രോണിക് ലൈബ്രറി, പണ്ഡിതന്മാരുമായി നേരിട്ട് സംസാരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലൗഡ് കോൾ സെന്റർ (8001222100) എന്നിവയും തീർത്ഥാടകർക്കായി സജ്ജമാണ്. ആഗോളതലത്തിൽ പ്രവാചക പള്ളിയുടെ സമാധാന സന്ദേശവും അറിവുകളും എത്തിക്കുന്നതിൽ പുതിയ ഡിജിറ്റൽ കേന്ദ്രം വലിയ പങ്കുവഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി മദീനയിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും സന്ദർശകരുടെയും ആത്മീയ അനുഭവം കൂടുതൽ സമ്പന്നവും സുഗമവുമാക്കാൻ ഇതിലൂടെ കഴിയുമെന്ന് മതകാര്യ വകുപ്പ് വ്യക്തമാക്കി.
Content Highlights: Sheikh Abdulrahman Al-Sudais inaugurated a Digital Religious Center at Masjid an-Nabawi in Madinah to modernize services under Saudi Vision 2030. The facility features AI guidance robots, interactive screens in over 23 languages, and a 24-hour cloud call center to enrich the spiritual journey of pilgrims.




