Kerala
മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം
എ പി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ സണ്ണി ജോസഫും എതിര്‍പ്പ് അറിയിച്ചു.
തിരുവനന്തപുരം| മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ എതിര്‍പ്പുമായി ഒരുസംഘം മന്ത്രിമാര്‍. പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചതോടെയാണ് മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചത്. എ പി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ സണ്ണി ജോസഫും എതിര്‍പ്പ് അറിയിച്ചു.
വിഡി സതീശന് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പൂര്‍ത്തിയാകുന്ന വേളയിലാണ് അസാധാരണമായ രീതിയില്‍ ഭരണപക്ഷത്തെ പ്രശ്നങ്ങള്‍ പുറത്തുവരുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് യോഗത്തില്‍ അഞ്ച് പിഎസ് സി അംഗങ്ങളുടെ പേര് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
പിഎസ് സി അംഗങ്ങളുടെ പട്ടിക എവിടെയാണ് ചര്‍ച്ച ചെയ്തതെന്ന് എപി അനില്‍ കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് എ പി അനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കും പരാതിയുണ്ടെന്നും മുഖ്യമന്ത്രിയെടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നും സണ്ണി ജോസഫും പറഞ്ഞു.
അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്നോട് കൂടിയാലോചിച്ചിരുന്നതായി കെ മുരളീധരന് പറഞ്ഞു. തര്‍ക്കത്തിനുശേഷം അഞ്ച് പി എസ് സി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. ആര് എസ് പിയ്ക്ക് പരിഗണന കിട്ടിയില്ലന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഉടന്‍ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിഡി സതീശന് മറുപടി നല്കി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമര്‍ശനമുയര്‍ത്തി. എന്നാല്‍ ചില കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Content Highlights: Reports indicate tensions erupted in the Kerala cabinet meeting after ministers A P Anil Kumar and Sunny Joseph questioned Chief Minister V D Satheesan over the new PSC members list. The ministers alleged a lack of prior consultation, while the Chief Minister stated urgent appointments necessitated the decision.


