Connect with us

Kerala

സഭാതര്‍ക്കം: മലങ്കര സഭയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റു; സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി കാതോലിക്കാ ബാവാ

സഭയുടെ ശാശ്വത സമാധാനത്തിനായുള്ള നീതിയുക്തമായ പരിശ്രമങ്ങളെ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സഭ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

കോട്ടയം |  ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റിരിക്കുകയാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ ശാശ്വത സമാധാനത്തിനായുള്ള നീതിയുക്തമായ പരിശ്രമങ്ങളെ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സഭ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന അടിയന്തര യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ. സഭാ വര്‍ക്കിംഗ് കമ്മിറ്റി, ആലോചനാസമിതി, ലീഗല്‍ സെല്‍ എന്നിവയുടെ യോഗങ്ങളാണ് ചേര്‍ന്നത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സഭയെ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ സമാധാനശ്രമങ്ങളെ സര്‍ക്കാര്‍ തലത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.

എന്നാല്‍ ഇത്തരം നടപടികള്‍ക്കിടയിലും സഭയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി. മുന്‍ഗാമികളായ പിതാക്കന്മാര്‍ എക്കാലത്തും നിലകൊണ്ടതുപോലെ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ കോടതി നിലപാടിനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയാണ് കാതോലിക്കാ ബാവായുടെ പ്രതികരണം

Content Highlights: Malankara Orthodox Church head Baselios Marthoma Mathews III strongly criticized the Kerala government’s court stand on the church dispute. Speaking at Devalokam Aramana, he alleged official sabotage of peace efforts regarding the Patriarch’s visit. He affirmed the church will continue its fight for justice.

Latest