Connect with us

Aksharam Education

എൽനിനോയെ അറിയാം

ഭൂമിയുടെ മറ്റേതോ കോണിൽ, ശാന്തസമുദ്രത്തിന്റെ ആഴങ്ങളിൽ സംഭവിക്കുന്ന ഒരു ചെറിയ താപവ്യതിയാനം മഴയെയും കൃഷിയെയും ജീവിതത്തെയും പോലും മാറ്റിമറിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പ്രകൃതിയുടെ അത്ഭുതകരവും പ്രവചനാതീതവുമായ പ്രതിഭാസമാണ് എൽനിനോ (El Nino).

Published

|

Last Updated

നമ്മുടെ നാട്ടിൽ മഴ കുറയുമ്പോഴും വേനൽച്ചൂട് കഠിനമാകുമ്പോഴും വാർത്തകളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പേരാണ് “എൽനിനോ’. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം ശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ഈ പ്രതിഭാസം എങ്ങനെയാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ നിയന്ത്രിക്കുന്നത്?

ഭൂമിയുടെ മറ്റേതോ കോണിൽ, ശാന്തസമുദ്രത്തിന്റെ ആഴങ്ങളിൽ സംഭവിക്കുന്ന ചെറിയ താപവ്യതിയാനം മഴയെയും കൃഷിയെയും ജീവിതത്തെയും പോലും മാറ്റിമറിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പ്രകൃതിയുടെ അത്ഭുതകരവും പ്രവചനാതീതവുമായ പ്രതിഭാസമാണ് എൽനിനോ (El Nino). ആഗോള കാലാവസ്ഥയുടെ താളം തെറ്റിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ചാകാം ഇന്നത്തെ അക്ഷത്തിൽ.

എന്താണ് എൽനിനോ?

ലോകമെമ്പാടുമുള്ള കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന സമുദ്ര-അന്തരീക്ഷ പ്രതിഭാസമാണ് എൽനിനോ. സാധാരണഗതിയിൽ ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന അസാധാരണമായ വർധനവാണ് ഇതിന് കാരണമാകുന്നത്.

മധ്യ-കിഴക്കൻ ശാന്തസമുദ്രത്തിലെ (പ്രത്യേകിച്ച് തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്) ഉപരിതല ജലത്തിന് അസാധാരണമായി ചൂട് കൂടുന്ന പ്രതിഭാസത്തെയാണ് എൽനിനോ എന്ന് വിളിക്കുന്നത്. “എൽനിനോ’ എന്ന സ്പാനിഷ് വാക്കിന്റെ അർഥം “ഉണ്ണിയേശു” എന്നാണ്. സാധാരണയായി ഡിസംബർ മാസത്തിൽ ക്രിസ്മസ് കാലത്താണ് തെക്കേ അമേരിക്കൻ തീരങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമാകുന്നത് എന്നതിനാലാണ് പെറുവിലെ മത്സ്യത്തൊഴിലാളികൾ ഇതിന് ഈ പേര് നൽകിയത്.

സാധാരണ അവസ്ഥയിൽ, ഭൂമധ്യരേഖക്ക് സമീപം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങൾ ശാന്തസമുദ്രത്തിലെ ചൂടുള്ള ഉപരിതല ജലത്തെ ഏഷ്യയുടെയും ആസ്ത്രേലിയയുടെയും തീരത്തേക്ക് തള്ളിനീക്കുന്നു. ഇതുകാരണം തെക്കേ അമേരിക്കൻ തീരത്ത് അടിത്തട്ടിൽ നിന്നുള്ള തണുത്ത ജലം മുകളിലേക്ക് ഉയർന്നുവരുന്നു. എന്നാൽ, ചില വർഷങ്ങളിൽ ഈ വാണിജ്യവാതങ്ങൾ ദുർബലമാകുകയോ വിപരീത ദിശയിലേക്ക് വീശുകയോ ചെയ്യുന്നു. ഇതോടെ ചൂടുള്ള ജലം പടിഞ്ഞാറോട്ട് നീങ്ങുന്നതിന് പകരം കിഴക്കോട്ട് (തെക്കേ അമേരിക്കൻ തീരത്തേക്ക്) തിരിച്ചൊഴുകുന്നു. ഇത് സമുദ്രോപരിതലത്തിലെ താപനില ക്രമാതീതമായി ഉയർത്തുകയും ആഗോള കാലാവസ്ഥാ രീതികളെ തകിടം മറിക്കുകയും ചെയ്യുന്നു. രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് സാധാരണയായി ഇത് സംഭവിക്കുന്നത്.

പ്രത്യാഘാതങ്ങൾ

  • എൽനിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.
  • ആസ്ത്രേലിയ, ഇന്തോനേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ മഴ കുറയുകയും കടുത്ത വരൾച്ചയും കാട്ടുതീയും ഉണ്ടാകുകയും ചെയ്യുന്നു.
  • പെറു, ഇക്വഡോർ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലും കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.
  • തണുത്ത ജലം മുകളിലേക്ക് ഉയരാത്തതിനാൽ സമുദ്രത്തിലെ പോഷകങ്ങൾ കുറയുകയും മത്സ്യസമ്പത്ത് ഗണ്യമായി കുറയാനും മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കാനും ഇടയാക്കുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?

ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറൻ മൺസൂണിനെ എൽനിനോ പ്രതികൂലമായി ബാധിക്കാറുണ്ട്. എൽനിനോ ശക്തമാകുന്ന വർഷങ്ങളിൽ ഇന്ത്യയിൽ മൺസൂൺ മഴ കുറയാനും പല സംസ്ഥാനങ്ങളിലും വരൾച്ച അനുഭവപ്പെടാനും സാധ്യത കൂടുതലാണ്. മഴ കുറയുന്നത് നെല്ല്, കരിമ്പ് തുടങ്ങിയ പ്രധാന കാർഷിക വിളകളുടെ ഉത്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. കേരളത്തിലും മൺസൂൺ മഴയുടെ അളവിൽ കുറവുണ്ടാകാനും വേനൽക്കാലത്ത് കടുത്ത ചൂടും കുടിവെള്ള ക്ഷാമവും അനുഭവപ്പെടാനും കാരണമാകാറുണ്ട്.

ഭൂമിയിലെ സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് എൽനിനോ വ്യക്തമാക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി എൽനിനോ പ്രതിഭാസങ്ങൾ കൂടുതൽ ശക്തമാകുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights:El Nino is a climate phenomenon caused by unusual warming of surface waters in the central-eastern Pacific Ocean. Weakened trade winds disrupt global weather, triggering floods in South America and droughts in Asia. In India and Kerala, it weakens the southwest monsoon, causing heatwaves and crop losses.

---- facebook comment plugin here -----

Latest