Connect with us

National

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സംരക്ഷണം റീല്‍സ് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കില്ല: ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

കോടതിയുടെ നിര്‍ദ്ദേശം മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ളതാണെന്നും റീല്‍സ് നിര്‍മ്മാതാക്കള്‍ക്കോ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കോ ക്രമസമാധാന ലംഘകര്‍ക്കോ ഉള്ളതല്ലെന്നും ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കോ റീല്‍സ് നിര്‍മ്മാതാക്കള്‍ക്കോ ലഭിക്കില്ലെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തരുതെന്ന സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണത്തിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. കോടതിയുടെ നിര്‍ദ്ദേശം മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ളതാണെന്നും റീല്‍സ് നിര്‍മ്മാതാക്കള്‍ക്കോ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കോ ക്രമസമാധാന ലംഘകര്‍ക്കോ ഉള്ളതല്ലെന്നും ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട് ഒക്ടോബറില്‍ ജന്തര്‍ മന്ദറിലും സെന്‍ട്രല്‍ ഡല്‍ഹിയിലും നടന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ പൊലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന പരാതികളിലാണ് കോടതി ഇടപെട്ടത്. ഒക്ടോബര്‍ 10, 11 തീയതികളില്‍ മുപ്പതിലധികം മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ യു ടബ്ല്യു ജെ), ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്, നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ തുടങ്ങിയ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാവരും മാധ്യമപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തനം പ്രധാന തൊഴിലായിരിക്കണമെന്നും അംഗീകൃത മാധ്യമ സ്ഥാപനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും വ്യക്തമാക്കുന്ന കേന്ദ്ര മാധ്യമ അക്രഡിറ്റേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും പൊലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിട്ടില്ലെന്നും തിരിച്ചറിയാന്‍ സാധിക്കാത്തതുമൂലം അബദ്ധത്തിലാണ് ചിലരെ നീക്കം ചെയ്തതെന്നും പൊലീസ് സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച സി സി ടി വി ദൃശ്യങ്ങളില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പൊലീസ് അവകാശപ്പെട്ടു. പൊലീസ് അനുമതി നല്‍കാതിരുന്നതിനാല്‍ ഈ പ്രതിഷേധങ്ങള്‍ നിയമവിരുദ്ധമായിരുന്നുവെന്നും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Content Highlights: Delhi Police informed the Supreme Court that legal protections granted to accredited journalists covering protests do not apply to social media influencers or reels makers. The affidavit cites Press Council norms while responding to pleas by media unions regarding the detention of reporters at Jantar Mantar.
---- facebook comment plugin here -----

Latest